സ്പിന്‍ തന്ത്രങ്ങളോതാന്‍ ശ്രീരാമും പനേസറും ഓസീസ് ടീമിനൊപ്പം
സിഡ്‌നി: സ്പിന്‍ പിച്ചുകളൊരുക്കി എതിരാളികളെ വെട്ടിലാക്കുന്ന ഇന്ത്യന്‍ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ തന്ത്രങ്ങള്‍ തുടരുന്നു. പൂര്‍ണ സജ്ജമായി ഇന്ത്യയില്‍ പര്യടനത്തിനെത്തുന്നതിന്റെ ഭാഗമായി നാലു സെപഷലിസ്റ്റ് സ്പിന്നര്‍മാരെ ടീമിലുള്‍പ്പെടുത്താന്‍ തീരുമാനിച്ച ക്രിക്കറ്റ് ആസ്‌ത്രേലിയ പിന്നാലെ സ്പിന്‍ തന്ത്രങ്ങളോതാന്‍ രണ്ടു ഉപദേശകരേയും ഉള്‍പ്പെടുത്തി. മുന്‍ ഇന്ത്യന്‍ സ്പിന്നറും ഓള്‍റൗണ്ടറുമായ ശ്രീധരന്‍ ശ്രീരാം, മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ മോണ്ടി പനേസര്‍ എന്നിവരാണ് ഓസീസ് ടീമിന്റെ ഭാഗമാകുന്നത്. നതാന്‍ ലിയോണ്‍, സ്റ്റീവ് ഓകീഫ്, ആഷ്ടന്‍ ആഗര്‍, മിച്ചല്‍ സ്വിപ്‌സന്‍ എന്നിവരാണ് ഇന്ത്യന്‍ പര്യടനത്തിനുള്ള ഓസീസ് ടീമിലിടം പിടിച്ച സ്പിന്നര്‍മാര്‍. ഈ നാലു പേര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും സ്പിന്നര്‍ ഗണത്തില്‍ പെടുന്ന താരം തന്നെയാണ്. ഫലത്തില്‍ അഞ്ചു സ്പിന്നര്‍മാരുമായാണ് ഓസീസ് ടീമിന്റെ വരവ്.
നേരത്തെ തന്നെ ഓസീസ് സ്പിന്നര്‍മാര്‍ക്ക് തന്ത്രങ്ങളും ഉപദേശങ്ങളും നല്‍കി ടീമിനൊപ്പം ഇന്ത്യയിലെത്തിയിട്ടുള്ള ആളാണ് ശ്രീരാം. 2016ല്‍ ഇന്ത്യയില്‍ നടന്ന ടി20 ലോകകപ്പിനുള്ള ഓസീസ് ടീമിലും കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഓസീസ് ടീമിനൊപ്പവും മുന്‍ ഇന്ത്യന്‍ താരം പ്രവര്‍ത്തിച്ചിരുന്നു. ഇന്ത്യക്കായി എട്ടു ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രീരാം ഒരു അര്‍ധ സെഞ്ച്വറിയും ഒന്‍പതു വിക്കറ്റുകളും നേടിയിട്ടുണ്ട്.
2012-13 സീസണില്‍ ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര വിജയിച്ച ഇംഗ്ലീഷ് ടീമിലംഗമായിരുന്നു മോണ്ടി പനേസര്‍. അന്ന് ടീമിന്റെ വിജയത്തില്‍ നിര്‍ണായക സാന്നിധ്യമാകാനും പനേസറിനു സാധിച്ചിരുന്നു. മൂന്നു മത്സരങ്ങളില്‍ നിന്നായി അന്നു ഇടം കൈയന്‍ സ്പിന്നറായ പനേസര്‍ പിഴുതത് 17 വിക്കറ്റുകളാണ്. 50 ടെസ്റ്റുകളും 26 ഏകദിനങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ച താരമാണ് 34കാരനായ പനേസര്‍.
ജനുവരി 29നു ദുബൈയിലെ ഐ.സി.സി അക്കാദമിയില്‍ ആരംഭിക്കുന്ന ഓസീസ് ടീമിന്റെ പരിശീലനത്തില്‍ ശ്രീരാം ഒപ്പം ചേരും. പനേസര്‍ ഈ ആഴ്ച തന്നെ ടീമിനൊപ്പം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."