ഗാന്ധിയെ വെട്ടി നോട്ടിസ്; പുലിവാലു പിടിച്ച് പിണറായി
തിരുവനന്തപുരം:ഗാന്ധിജിയെ പുറത്താക്കി നരേന്ദ്ര മോദി ഖാദി പിടിച്ചെടുത്തപ്പോള്‍ രക്തസാക്ഷി ദിനാചരണത്തില്‍ ഗാന്ധിയെ പുറത്താക്കി പിണറായി സര്‍ക്കാര്‍. ജനുവരി 30ലെ രക്തസാക്ഷി ദിനാചരണത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിന്നാണ് ഗാന്ധിയെ പുറത്താക്കിയത്.
മോദിയുടെ നടപടിയെ അല്‍പ്പത്തമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ച് മണിക്കൂറുകള്‍ കഴിയുന്നതിനിടെയാണ് സ്വന്തം വകുപ്പ് രാഷ്ട്രപിതാവിനെ ഒഴിവാക്കിയതെന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ സംസ്ഥാന സര്‍ക്കാരും മോദിയുടെ പാതയിലൂടെയാണെന്ന വിമര്‍ശനം ശക്തമായി.
ഗാന്ധിജിയെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടി മനപൂര്‍വമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. പൊതുഭരണ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഷീല തോമസ് ആണ് സര്‍ക്കാരിനെ വെട്ടിലാക്കിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു ജീവന്‍ ബലികഴിച്ചവരുടെ സ്മരാണാര്‍ഥം 30ന് രക്തസാക്ഷിദിനം ആചരിക്കും. രാവിലെ 11ന് രണ്ട് മിനുറ്റ് മൗനം ആചരിക്കണമെന്നുമാണ് എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലേക്കും അയച്ച നിര്‍ദേശങ്ങളിലുള്ളത്.
ജനുവരി 30ന് ഗാന്ധിജിയുടെ രക്ഷസാക്ഷിത്വ ദിനമായി രാജ്യമെമ്പാടും ആചരിച്ചു വരുന്നതാണ്. എന്നാല്‍, ഗാന്ധിയെ കുറിച്ച് ഒരു പരാമര്‍ശം പോലുമില്ലാതെ സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പിണറായി സര്‍ക്കാരും മോദിയുടെ പാതയിലൂടെയാണെന്ന വിമര്‍ശനം ശക്തമാക്കി. ഖാദി കലണ്ടറില്‍ നിന്ന് ഗാന്ധിയുടെ ചിത്രം ഒഴിവാക്കിയ ബി.ജെ.പിയുടെ അതേ നയമാണ് സി.പി.എമ്മിന്റേതെന്ന വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ രംഗത്തെത്തി.
ഗാന്ധിജിയെ അപമാനിക്കുന്നതില്‍ പിണറായി സര്‍ക്കാര്‍ മോദിയുടെ പാതയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി. സര്‍ക്കുലറിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
നിയമസഭ വജ്രജൂബിലിയിലും ഗാന്ധി പുറത്ത്
തിരുവനന്തപുരം: കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ നോട്ടിസിലെ കവര്‍ പേജിലും ഗാന്ധി പുറത്ത്. മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കി നിയസഭാ മന്ദിരത്തിലെ ഗേറ്റിനു പുറത്ത് ഇ.എം.എസിന്റെ പ്രതിമയുടെ ചിത്രമാണ് ഉള്‍പ്പെടുത്തിയത്.
ഇം.എം.എസിന്റെ പ്രതിമയുടെ ചിത്രം സൂപ്പര്‍ ഇമ്പോസ് ചെയ്തു നോട്ടിസ് അച്ചടിച്ച് ഇറക്കിയതിനെതിരെയും കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. വജ്രജൂബിലി ആഘോഷ ഭാഗമായി സംഘടിപ്പിച്ച സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനത്തിനും പ്രഥമ സെമിനാറിനുമായി തയാറാക്കിയ നോട്ടിസിലെ കവര്‍ പേജില്‍ നിന്നാണ് ഗാന്ധിജിയെ വെട്ടിയത്. ഇന്നാണ് പരിപാടി നടക്കുന്നത്.
കേരള സര്‍ക്കാരും സെക്രട്ടറിയേറ്റും ഗാന്ധി നിന്ദ നടത്തിയിരിക്കുകയാണെന്നു കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. നിയമസഭാ മന്ദിരത്തിന്റെ മുന്‍ഭാഗത്ത് നിന്നു ചിത്രം എടുത്താല്‍ മുന്നില്‍ സ്ഥാപിച്ച ഗാന്ധിയുടെ കൂറ്റന്‍ പ്രതിമ ഒഴിവാക്കാനാകില്ല. എന്നാല്‍ ഗാന്ധിയുടെയും ഡോ. ബി.ആര്‍ അംബേദ്ക്കറുടെയും പ്രതിമ മനഃപൂര്‍വം ഒഴിവാക്കിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."