മന്ത്രിമാര്‍ എല്ലാവരും തുല്യര്‍: മുഖ്യമന്ത്രി മന്ത്രിമാരുടെ പേരുകള്‍ ഇനി അക്ഷരമാല ക്രമത്തില്‍
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും തുല്യരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതു ഭരണവകുപ്പിന് കുറിപ്പു നല്‍കി. മന്ത്രിമാര്‍ക്കിടയില്‍ പ്രോട്ടോക്കോള്‍ നിശ്ചയിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് പൊതു ഭരണവകുപ്പ് മുന്‍ സെക്രട്ടറി ഉഷാ ടൈറ്റസ് മുഖ്യമന്ത്രിക്ക് ഫയല്‍ അയച്ചിരുന്നു. തുടര്‍ന്ന് ഉഷാ ടൈറ്റസിനെ മാറ്റി ഷീലാ തോമസിനെ സെക്രട്ടറിയാക്കിയിരുന്നു.
എന്നാല്‍ ഫയലിന് മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി മന്ത്രിമാരുടെ ഇടയില്‍ സീനിയോറിറ്റി ഇല്ലെന്ന് വ്യക്തമാക്കി ഇന്നലെ മറുപടി നല്‍കിയത്. മന്ത്രിമാരുടെ പേരുകള്‍ അക്ഷരമാല ക്രമത്തില്‍ ഉപയോഗിക്കണമെന്നും പൊതുഭരണ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. നേരത്തെ രണ്ടാം നമ്പര്‍ കാറിനും, സെക്രട്ടേറിയറ്റിലെ ഓഫിസിനു മുന്നില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനടുത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നത് സംബന്ധിച്ചും മന്ത്രിമാര്‍ തമ്മിലുള്ള പോര് വിവാദമായിരുന്നു. കൂടാതെ ഇ.പി ജയരാജന്‍ രാജിവച്ചപ്പോള്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന ഓഫിസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന മന്ത്രിമാര്‍ പൊതുഭരണ വകുപ്പിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഇ.പി ജയരാജന്‍ രാജിവച്ച ഒഴിവില്‍ എം.എം മണിയെ മന്ത്രിയായി തീരുമാനിച്ചപ്പോള്‍ ഓഫിസ് അനുവദിക്കുന്നത് സംബന്ധിച്ചും പോര് രൂക്ഷമായിരുന്നു.
കൂടാതെ സര്‍ക്കാര്‍ ഡയറിയില്‍ സി.പി.ഐ മന്ത്രിമാരുടെ പേരുകള്‍ അവസാനമായി ചേര്‍ത്തത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ഡയറിയുടെ അച്ചടിയും വിതരണവും നിര്‍ത്തി പുതിയത് അച്ചടിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചതിനെ തുടര്‍ന്ന് പൊതുഭരണ വകുപ്പ് പി.ആര്‍.ഡി ഡയറക്ടര്‍ക്കും മന്ത്രിമാരുടെ പേരുകള്‍ അക്ഷരമാല ക്രമത്തില്‍ ഉപയോഗിച്ചാല്‍ മതിയെന്ന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഡയറിയില്‍ മന്ത്രിമാരുടെ പേര് അക്ഷരമാല ക്രമത്തിലാണ് ചേര്‍ത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."