രോഹിത് വെമുല ചരമവാര്‍ഷികത്തില്‍ പൊലിസും പ്രതിഷേധക്കാരും ഏറ്റുമുട്ടി
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ജാതീയമായ പീഡനങ്ങള്‍ മൂലം ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ചരമവാര്‍ഷിക ദിനമായ ഇന്നലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.
സര്‍വകലാശാലയ്ക്ക് പുറത്താണ് പൊലിസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്നലെ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ വെമുലയുടെ സഹപാഠികള്‍ ശഹാദത്ത് ദിനമായി ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബഹുജനറാലിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചിരുന്നു.
ഇതിനിടയിലാണ് പൊലിസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കു പുറമെ സമീപത്തെ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും റാലിയില്‍ പങ്കെടുത്തു. ഇവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് കാംപസിനകത്തേക്കു കടന്നപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
രോഹിത് വെമുലയുടെ അമ്മ രാധികാ വെമുലയെയുള്‍പ്പെടെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പങ്കെടുത്തില്ലെന്നാണ് വിവരം. എന്നാല്‍ ജെ.എന്‍.യു വില്‍ നിന്നും കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ കുടുംബാംഗങ്ങള്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ബീഫ് വീട്ടില്‍ സൂക്ഷിച്ചതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ സഹോദരനുള്‍പ്പെടെയുള്ളവരും സര്‍വകലാശാലയില്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."