ഹരിതശോഭയ്ക്ക് മങ്ങലേല്‍ക്കുന്നുവോ?
നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ പരമ്പരാഗത വോട്ടിലുണ്ടായ ചോര്‍ച്ച ഹരിതശോഭയ്ക്ക് മങ്ങലേല്‍ക്കുന്നുവോയെന്ന ചര്‍ച്ചയിലേക്കാണ് ശ്രദ്ധതിരിക്കുന്നത്. ഇടതു കൊടുങ്കാറ്റിലും പിടിച്ചു നിന്ന ലീഗിന് ചെറിയ തോതിലെങ്കിലുമുണ്ടായ പരുക്കിന്റെ പ്രധാന കാരണം മണ്ഡലങ്ങളില്‍ വര്‍ധിച്ച വോട്ടുകള്‍ നേടാനായില്ലെന്നതാണ്.
കൂടെയുള്ള കോണ്‍ഗ്രസിലെ വിമത വിഭാഗവും മറ്റും ലീഗിനെ ഒറ്റയിട്ട് ആക്രമിക്കാനിറങ്ങിയതും ചരിത്രം തിരുത്താന്‍ വഴിവച്ചു. നവവോട്ടര്‍മാര്‍ ഒരു പരുധിവരെ ലീഗിനെയും യു.ഡി.എഫിനെയും മാറ്റിനിര്‍ത്താനുള്ള വ്യഗ്രത കാണിച്ചുവെന്നതും യാഥാര്‍ഥ്യം. സത്യത്തില്‍ അത്തരക്കാരുടെ മനസ് കീഴടക്കാന്‍ ലീഗിനും മുന്നണിക്കും മിക്ക മണ്ഡലങ്ങളിലും സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ഥികളും നിലപാടുകളും പ്രവര്‍ത്തന രീതിയുമെല്ലാം അവര്‍ക്കുകൂടി സ്വീകാര്യമാകുന്ന രീതിയിലായില്ലെന്ന പരാതിയും ശക്തമാണ്. പ്രദേശത്തിന്റെയും ജനതയുടെയും ഉര്‍ത്തുടിപ്പുകളറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇതിലും വലിയ തിരിച്ചടി നേരിട്ടെന്നു വരാമെന്നാണ് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നത്.
2011ലെ തെരഞ്ഞെടുപ്പില്‍ ലീഗിന് കിട്ടിയ വോട്ടുകള്‍ 2016ല്‍ വര്‍ധിച്ചതായാണ് മിക്ക മണ്ഡലങ്ങളിലെയും കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരാജയപ്പെട്ട താനൂരില്‍ 51,549ല്‍ നിന്ന് വോട്ട് 64472 ആയി വര്‍ധിച്ചിട്ടുണ്ടെന്നത് ഇതിനു തെളിവാണ്. ഇവിടെയെല്ലാം ലീഗിന് ലഭിക്കേണ്ടിയിരുന്ന പുതിയ വോട്ടുകളില്‍ ഗണ്യമായ അന്തരമുണ്ടായിട്ടുണ്ട്. പണക്കൊഴുപ്പില്‍ തകിടംമറിഞ്ഞതാണെന്ന് പറായാമെങ്കിലും വസ്തുതകളില്‍ മറ്റുഘടകങ്ങള്‍ക്കും സ്ഥാനമുണ്ട്.
മറ്റു മണ്ഡലങ്ങളിലും സമാനമായ രീതിയില്‍ വോട്ട് കൂടിയപ്പോഴും ഭൂരിപക്ഷം കുറഞ്ഞിട്ടുണ്ടെന്നാണ് വസ്തുത.
ഏറനാടും ( 58698-69048) മണ്ണാര്‍ക്കാടും (8565-12325) അഴീക്കോടും (493-2287) കോഴിക്കോട് സൗത്തും (1376-6327) മാത്രമാണ് ലീഗിന് ഭൂരിപക്ഷം വര്‍ധിപ്പിക്കാനായത്. മറ്റു കുത്തകയായ മണ്ഡലങ്ങില്‍ പോലും ഭൂരിപക്ഷത്തില്‍ ഗണ്യമായി കുറവുണ്ടായി. 2011നെ അപേക്ഷിച്ച് ഏറ്റുവും കുറവ് പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ച വേങ്ങര മണ്ഡലത്തിലാണ് (180). പി.കെ അബ്ദുറബ്ബ് മത്സരിച്ച തിരൂരങ്ങാടിയിലാണ് ഏറ്റവും കൂടുതല്‍ (24165) . മഞ്ഞളംകുഴി അലി മത്സരിച്ച പെരിന്തല്‍മണ്ണ, മങ്കട എന്നിവിടങ്ങളില്‍ ഭൂരിപക്ഷം വലിയതോതില്‍ കുറഞ്ഞു. വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍, കാസര്‍കോട് തുടങ്ങിയ മണ്ഡലങ്ങളില്‍ ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായി. എടുത്തപറയാനുള്ള ആശ്വാസം സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ കുറ്റ്യാടി പാറക്കല്‍ അബ്ദുല്ലയിലൂടെ പിടിച്ചെടുത്തുവെന്നതാണ്.
കോഴിക്കേട്ടെ ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളിയിലും ജയിച്ചുകയറാവുന്ന തിരുവമ്പാടിയിലും പരാജയത്തിന്റെ രുചിയറിഞ്ഞത് ലീഗിന് കനത്ത പ്രഹരമാണ്. ഇവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജാഗ്രത പുലര്‍ത്തിയിരുന്നുവെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
കെ.ടി ജലീലും പി.ടി.എ റഹീമും മാറിപ്പോയ വഴികളില്‍ കൂടുതല്‍ കരുത്ത് കൈവരുന്നുവെന്നതിന്റെ ഉദാഹരണമാണ് കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ വിജയം. ലീഗ് വിമതര്‍ വിജയം ആവര്‍ത്തിക്കുന്നതും ലീഗിന് കനത്ത തിരിച്ചടിയാണ്.
വിശ്വാസയോഗ്യമായ പാര്‍ട്ടി വോട്ടുള്ളവരുടെ ഗണത്തില്‍ ലീഗിന് പ്രമുഖ സ്ഥാനമാണുള്ളത്. തെരഞ്ഞെടുപ്പുകളില്‍ ലീഗിന്റെ പ്രതീക്ഷയും ആശ്വാസും അതാണ്. മണ്ഡലം കാണാന്‍ പോലും എത്താത്ത സ്ഥാനാര്‍ഥിയെ ബഹുഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച പാരമ്പര്യവും ലീഗിനുണ്ട്. എങ്കിലും കേട്ടുമടുത്ത പേരുകളും മറ്റും വീണ്ടും വീണ്ടും അരങ്ങിലെത്തുമ്പോഴുണ്ടാകുന്ന നീരസം പ്രകടമായ ഒരു തെരഞ്ഞെടുപ്പ് കൂടിയാണിത്.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം പോലും മാനിക്കാതെ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നതാണ് തോറ്റുവെന്ന ആദ്യ റിപ്പോര്‍ട്ടുകള്‍ മറികടന്ന് വിജയിച്ച തിരൂരങ്ങാടി മണ്ഡലം. തെക്കന്‍ കേരളത്തില്‍ സാന്നിധ്യമറിയിക്കാനാകാത്തുതും പോരായ്മയാണ്.
യു.ഡി.എഫ് സംവിധാത്തിന്റെ നട്ടെല്ലായി നിലനില്‍ക്കുന്ന ലീഗ് പാര്‍ട്ടിയുടെ ശോഷണം ഗൗരവമായി കാണണം. കാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റും മുഖമുദ്രയാക്കി മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ മാതൃകയാക്കാവുന്ന ലീഗിന്റെ നയനിലപാടുളും വികസന കാഴ്ചപ്പാടും ശ്രദ്ധേയമാണ്. എന്നാല്‍ ജനത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരാനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഇനിയും ലീഗ് നടത്തേണ്ടിയിരിക്കുന്നുവെന്നാണ് സമീപകാല തെരഞ്ഞെടുപ്പ് വിളിച്ചറിയിക്കുന്നത്.
സമുദായത്തിനകത്ത് ഐക്യം ശക്തിപ്പെടുത്തന്നതോടൊപ്പം എല്ലാ വിഭാഗം ജനതയുടെയും ഭാഗമാകാനും അര്‍ക്കായി നിലകൊള്ളാനും കൂടുതല്‍ ശ്രമിക്കണം. യുവതലമറക്കായി നയപരിപാടികള്‍ ആസൂത്രണം ചെയ്യണം. എല്ലാവരും ഭയാശങ്കയില്ലാതെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു പാര്‍ട്ടിയെന്ന നിലയില്‍ ലീഗില്‍ പുനര്‍വിചിന്തനം അനിവാര്യമാണ്. കാരണം ലീഗിന്റെ ഭാവി ഭദ്രമാകാനുള്ള തയാറെടുപ്പുകളിലേക്ക് നീങ്ങാനുള്ള വ്യക്തമായ സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."