എങ്ങനെണ്ട് പാങ്ങ്ണ്ടാ...ഒന്നും തിര്ന്നില്ലല്ലപ്പാ... കീഞ്ഞോ കീഞ്ഞോ...
കണ്ണൂര്‍: തെക്കന്‍ കേരളത്തില്‍ നിന്നു ബേക്കല്‍കോട്ട കാണാന്‍ വന്ന ചിലര്‍ തൊട്ടടുത്ത ചാപ്പ ഹോട്ടലില്‍ (ഓലമേഞ്ഞ ഹോട്ടല്‍) ഭക്ഷണം കഴിക്കാന്‍ കയറി. ചോറ് ബെയ്ക്ക്ന്നാ പൊറോട്ട തിന്ന്ന്നാ...രാഘവാട്ടന്റെ ചോദ്യം കേട്ട് വിരുന്നാര്‍ അല്‍പസമയം ഒന്നും മിണ്ടാതെ നിന്നു. അടുത്തിരിക്കുന്നയാള്‍ തര്‍ജമ ചെയ്തു കൊടുത്തു. ഊണ് വേണോ പൊറോട്ട വേണോ എന്നാണ് ചോദിച്ചത്. നല്ല ഒന്നാന്തരം അരച്ച്കൂട്ടിയ മീന്‍കറിയും, സാമ്പാറും കൂട്ടിയുള്ള ഊണ് കഴിച്ചു കഴിഞ്ഞപ്പോള്‍ രാഘവേട്ടന്‍ പറഞ്ഞു. ആ എല(ഇല) എട്ത്ത് ചാടിക്കോ. എല്ലാവരും അമ്പരന്നു. ഇതെന്തിനാ ഊണ് കഴിച്ച ഉടന്‍ ഒരു ചാട്ടം. പിന്നെയാണ് സംഗതി പിടികിട്ടിയത്. ചാടുക എന്നാല്‍ കാസര്‍കോടന്‍ ഭാഷയില്‍ കളയുക എന്നും തെക്കന്‍ കേരളത്തില്‍ തുള്ളുക എന്നുമാണെന്ന്. നാട്ടില്‍ പ്രചരിക്കുന്ന ഈ തമാശക്കഥയ്ക്ക് സമാനമായ ചില സംഗതികള്‍ കലോത്സവ നഗരിയിലും നടക്കുന്നുണ്ട്.
അല്ല... ചോറ് എങ്ങനെണ്ട് പാങ്ങ്ണ്ടാ... ഊട്ടുപുരയില്‍ നിന്ന് ഇറങ്ങിവരുന്ന തിരുവനന്തപുരക്കാരന്‍ പയ്യനോട് ഒരാളുടെ ചോദ്യം. എന്തരോ എന്തോ എന്ന ഭാവത്തില്‍ തലയാട്ടി കടന്നു പോകാനേ ആ പയ്യന് കഴിഞ്ഞുുള്ളൂ. ഇപ്പൊ കരുതുന്നുണ്ടാകും അല്‍പം കണ്ണൂര്‍ ഭാഷ കൈയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന്. കണ്ണൂരില്‍ വന്നതല്ലേ ചിലപ്പോ കടയില്‍ കയറേണ്ടി വരും, ബസില്‍ പോകേണ്ടി വരും, എതിരേ വരുന്നയാളോട് വഴിചോദിക്കേണ്ടി വരും. അപ്പം ഒന്നും തിരിയാണ്ട് ആയിക്കൂടല്ല... ഹോ കണ്ണൂര്‍ക്കാരനായതോണ്ട് വീണ്ടും നാക്ക് പിഴച്ചു. തിരിയാണ്ട് ആയിക്കൂടാ എന്ന് പറഞ്ഞാല്‍ മനസിലാകാതിരുന്നു കൂടല്ലോ എന്ന്.
പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നണംന്നാ... ഇത് കൈയില്‍ വെച്ചോ
ആട= അവിടെ
ഈട=ഇവിടെ
പാങ്ങ്ണ്ടാ= നല്ലതാണോ
ഓന്‍= അവന്‍
ഓള്‍= അവള്‍
കീഞ്ഞോ= ഇറങ്ങിക്കോ
കണ്ടിനി= കണ്ടിരുന്നു
കണ്ടിനാ?= കണ്ടുവോ?
പാഞ്ഞിനി= ഓടി
ചായപീട്യ= ചായക്കട
ചാടുക= കളയുക
പൈക്കുന്നു= വിശക്കുന്നു
ഇരിക്കറാ=ഇരിക്കൂ
നടക്കറാ= നടക്കൂ
പറേപ്പാ=പറയൂ
ബെകിട്=വേണ്ടാതീനം
പോയിറ്റു ബാടാ ഒരിക്ക= പോയി വരൂ വേഗം
ബിശ്യം= വിഷയം
കൈച്ചാ= കഴിച്ചോ?
ചങ്ങായി= ചങ്ങാതി
ഒരു വെടിക്കുള്ളതുണ്ട്... ഒന്ന് പയറ്റി നോക്ക്യേ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."