ബാവിക്കര തടയണ നിര്‍മാണം മന്ദഗതിയില്‍; ആശങ്കയോടെ ജനം
ബോവിക്കാനം: കാസര്‍കോട് നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന ബാവിക്കര പയസ്വിനി പുഴയില്‍ കടല്‍ജലം കയറി തുടങ്ങിയതോടെ ഈ വര്‍ഷവും ഉപ്പുവെള്ളം കുടിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. ഉപ്പു വെള്ളം കയറുന്നതു തടയാനായി താല്‍ക്കാലിക തടയണയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതാണ് ആശങ്കയ്ക്കു കാരണം. ഇതുവരെ നിര്‍മാണ പ്രവൃത്തികള്‍ നടക്കാത്ത ഭാഗത്തുകൂടിയാണു കടല്‍ജലം പുഴവെള്ളവുമായി കൂടിച്ചേരുന്നത്.
താല്‍ക്കാലിക തടയണ പൂര്‍ത്തിയാവാന്‍ ഇനിയും ദിവസങ്ങള്‍ വേണമെന്നിരിക്കേ കുടിവെള്ളത്തില്‍ ഉപ്പിന്റെ അംശം കലര്‍ന്നെന്ന പരാതികളും വ്യാപകമാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ആദ്യവാരത്തോടെയാണു പുഴയില്‍ ഉപ്പുവെള്ളം കയറിയത്.
എന്നാല്‍ ഈ വര്‍ഷം ആവശ്യത്തിനു മഴ ലഭിക്കാത്തതു മൂലം വേനല്‍ ശക്തമായതോട പുഴയിലെ നീരൊഴുക്ക് കുറഞ്ഞതാണു ജനുവരി പകുതിയോടെ തന്നെ പുഴയില്‍ കടല്‍ജലം കയറാന്‍ കാരണമായത്.
പയസ്വിനി പുഴയിലെ മുണ്ടക്കൈ ഭാഗങ്ങളില്‍ മുഴുവനായും താല്‍ക്കാലിക തടയണ നിര്‍മാണം നടക്കുന്നതിന്റെ 100 മീറ്റര്‍ താഴെയായി പുഴയുടെ അടിത്തട്ടിലുംഉപ്പുവെള്ളം കയറിയിരിക്കുകയാണ്. താല്‍ക്കാലിക തടയണ നിര്‍മാണം പൂര്‍ത്തിയാവാത്തതിനാല്‍ ജല അതോറിറ്റിയുടെ ബാവിക്കരയിലുള്ള ജലസംഭരണിയിലേക്കും ഉപ്പുവെള്ളം വൈകാതെ എത്തും. ഇതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ സംഭവിച്ചതു പോലെ ഈ വര്‍ഷവും ജില്ലയിലെ ജനങ്ങള്‍ ഉപ്പു കലര്‍ന്ന വെള്ളം തന്നെ കുടിക്കേണ്ടി വരും.
ജില്ല നേരിടുന്ന ശുദ്ധജല ക്ഷാമത്തിനു ശാശ്വതമായ പരിഹരം കാണുന്നതിനു വേണ്ടി കോടികള്‍ ചെലവഴിച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മാണം തുടങ്ങിയ സ്ഥിരം കോണ്‍ക്രീറ്റ് തടയണ ഇപ്പോഴും പാതി വഴിയിലായതാണു വര്‍ഷാവര്‍ഷമുള്ള ഈ പ്രതിസന്ധിക്കു കാരണം.
സ്ഥിരം തടയണ പൂര്‍ത്തിയാക്കാതെ താല്‍ക്കാലിക തടയണ നിര്‍മാണം അനുവദിക്കില്ലെന്നറിയിച്ചു പ്രദേശവാസികള്‍ പ്രതിഷേധം എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും നടന്നിരുന്നു. എന്നാല്‍ രണ്ടു മാസം മുമ്പ് വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മാര്‍ച്ച് 31 നു മുന്‍പായി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ തടയണ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ വര്‍ഷവും താല്‍ക്കാലിക തടയണ നിര്‍മിക്കാന്‍ ഇവര്‍ സമ്മതിച്ചത്. പുനര്‍ നിര്‍മാണം കാത്തു കിടക്കുന്ന കോണ്‍ക്രീറ്റ് തടയണയുടെ പുതിയ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കുന്നതിനായി കഴിഞ്ഞ മാസം ജല വിഭവ വകുപ്പ് അധികൃതര്‍ ആലൂര്‍ മുനമ്പിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചിരുന്നു.
എല്ലാ വര്‍ഷവും നല്‍കുന്ന വെറും വാഗ്ദാനമായ് ഈ ഉറപ്പും മാറിയേക്കുമോയെന്ന ആശങ്കകള്‍ക്കിടയിലും ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്ന താല്‍ക്കാലിക തടയണ വേഗത്തിലാക്കി ഉപ്പുവെള്ളം കലരുന്നതു തടഞ്ഞു നിര്‍ത്തണമെന്നാണ് ഇപ്പോള്‍ ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."