മലയോര കര്‍ഷകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി
കോഴിക്കോട്: മലയോരത്ത് വന്യമൃഗങ്ങളുടെ ശല്യം കാരണം പ്രയാസപ്പെടുന്ന കര്‍ഷകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കാവിലുംപാറ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ കര്‍ഷക ക്ലബിന്റെ (വി-ഫാം ക്ലബ്) ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. പശുവും ആടും കോഴിയുമായാണ് കര്‍ഷകര്‍ സമരത്തിനെത്തിയത്.
കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, വന്യമൃഗങ്ങള്‍ക്ക് കൃഷിഭൂമിയിലേക്കുള്ള പരിരക്ഷ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഹൈറേഞ്ച് സംരക്ഷണസമിതി നേതാവ് ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കാത്തതിന്റെ കാരണം ഈ മേഖല വന്യജീവി കേന്ദ്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. 1940കളിലാണ് കര്‍ഷകര്‍ ഇവിടെ കുടിയേറ്റം തുടങ്ങിയത്. എന്നാല്‍ ഇതുവരെ കൈവശഭൂമിക്ക് പട്ടയം നല്‍കിയിട്ടില്ല. 1977 ജനുവരി ഒന്നിന് മുന്‍പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഒരുലക്ഷത്തിലധികം ആളുകള്‍ക്ക് പട്ടയം കിട്ടാനുണ്ട്. വന്യമൃഗങ്ങള്‍ കൃഷിഭൂമിയില്‍ കയറുന്നത് തടയാനും നടപടിയില്ല. ജനങ്ങള്‍ നാടുവിട്ടു പോയ്‌ക്കോട്ടെയെന്ന നിലപാടിലാണ് സര്‍ക്കാര്‍. പട്ടയം നല്‍കിയാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമോയെന്നാണ് സര്‍ക്കാരിനു പേടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന വനംവകുപ്പ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥര്‍ ആസൂത്രിത നീക്കമാണ് മലയോരത്ത് നടത്തുന്നത്. എതിര്‍ക്കുന്നവര്‍ക്കെതിരേ കെസെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി-ഫാം ക്ലബ് ചെയര്‍മാന്‍ ജോയി കണ്ണഞ്ചിറ അധ്യക്ഷനായി. ഫാ. ജോര്‍ജ് തീണ്ടാപാറ, വി.ടി പ്രദീപന്‍, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ചെയര്‍മാന്‍ ബേബി സക്കറിയാസ്, അഷ്‌റഫ് കുണ്ടുതോട്, റോണി താന്നിക്കല്‍, ജോര്‍ജ് ചെറുവുള്ളാട്ട്, ജോര്‍ജ് കുമ്പളാനി, തോമസ് തറപ്പേല്‍, മനു പാറയില്‍ പ്രസംഗിച്ചു. വി-ഫാം ക്ലബ് കണ്‍വീനര്‍ ബോസ് വട്ടമറ്റം സ്വാഗതവും ജോര്‍ജ് വേരനാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."