റേഷന്‍, പെന്‍ഷന്‍ വിതരണം താളംതെറ്റിച്ച് സംസ്ഥാന സര്‍ക്കാര്‍ മോദിക്കൊപ്പം ചേര്‍ന്നു: മുനവ്വറലി തങ്ങള്‍
കോഴിക്കോട്: നോട്ടു നിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാരുടെ നട്ടെല്ലൊടിച്ചെന്നും റേഷന്‍, പെന്‍ഷന്‍ വിതരണം താളംതെറ്റിച്ച് സംസ്ഥാന സര്‍ക്കാര്‍ മോദിക്കൊപ്പം ചേര്‍ന്നിരിക്കുകയാണെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. നോട്ടു നിരോധനത്തിലും പെന്‍ഷന്‍-റേഷന്‍ അട്ടിമറിച്ചതിലും പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ജീവിതത്തിന്റെ നല്ലകാലം മുഴുവന്‍ രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളായ ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ടതാണ് പെന്‍ഷന്‍. ആരോഗ്യ സംരക്ഷണത്തിനും കുടുംബം പോറ്റുന്നതിനും ഈ തുക കിട്ടാതെ വയ്യ. യു.ഡി.എഫ് ഭരണത്തില്‍ വിവിധയിനം പെന്‍ഷനുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പെന്‍ഷന്‍ ഏകീകരണത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയാണെന്നും തങ്ങള്‍ പറഞ്ഞു.
റേഷന്‍ കടകളില്‍ അരിയും ഗോതമ്പും കിട്ടാനില്ല. എന്നാല്‍ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുന്ന പരിതാപകരമായ അവസ്ഥയാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടുകയാണ്. സാധാരണക്കാരായ നിരപരാധികളെ തിരഞ്ഞുപിടിച്ച് യു.എ.പി.എ ചുമത്തുന്ന പൊലിസ് നടപടി പ്രതിഷേധാര്‍ഹമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്. എഴുത്തുകാരെ പോലും പൊലിസ് വെറുതെവിടുന്നില്ല. യു.എ.പി.എ ചുമത്തി ജയിലിലടക്കാനാണ് നീക്കം. ഇതിനെതിരേ യൂത്ത് ലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളുടെ നാടമുറിക്കല്‍ മാത്രാണ് എല്‍.ഡി.എഫ് നടത്തുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍, സി. മോയിന്‍കുട്ടി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, ജില്ലാ ജന. സെക്രട്ടറി എന്‍.സി അബൂബക്കര്‍, എം.എ റസാഖ് മാസ്റ്റര്‍, കെ.എ ഖാദര്‍ മാസ്റ്റര്‍, അഹമ്മദ് പുന്നക്കല്‍, ഒ.പി നസീര്‍, എ. അഹമ്മദ് കോയ മാസ്റ്റര്‍, അഡ്വ. എ.വി അന്‍വര്‍, യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി കെ.കെ നവാസ്, ട്രഷറര്‍ പി.പി റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."