മഹല്ല് സംവിധാനം പ്രയോജനപ്പെടുത്തണം
കല്യാണങ്ങളിലെ ആഭാസങ്ങളെക്കുറിച്ചെഴുതിയ ലേഖനം വായിച്ചു. അങ്ങനെയുള്ള ആഭാസങ്ങളുടെ കുത്തൊഴുക്കിലാണ് ചില മഹല്ലുകള്‍ ഇന്നും നിലകൊള്ളുന്നത്. കേരളത്തിലെ പല ജില്ലകളിലും ഓരോ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലും രണ്ടും മൂന്നും മഹല്ലുകളുണ്ട്. ഓരോ മഹല്ലിനു കീഴിലും 500 ല്‍ത്താഴെയുള്ള വീടുകള്‍ മാത്രമേയുള്ളു. ഇങ്ങനെയുള്ള മഹല്ലുകളിലെ ഓരോ കുടുംബങ്ങളിലെയും മുതിര്‍ന്ന പൗരന്മാരുമായുള്ള അവസരോചിതമായ ഇടപെടലുകളും കൂടിയാലോചനയും മഹല്ല് ഖാളിമാരുടെ ബോധവല്‍ക്കരണവും മഹല്ല് ഭാരവാഹികളുടെ സത്യസന്ധവും ആത്മാര്‍ഥവും ധീരതയോടുള്ള പ്രവര്‍ത്തനവും പിന്തുണയുമാണ് ആവശ്യം. അതുണ്ടെങ്കില്‍ കുടുംബ ബന്ധങ്ങള്‍ നന്നാവും. ആഭാസരഹിതവും ആര്‍ഭാടരഹിതവുമായ വിവാഹങ്ങളും സാധ്യമാകും. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും വിവാഹവും കഷ്ടതയനുഭവിക്കുന്നവര്‍ക്കുള്ള ഭക്ഷണവും ചികില്‍സയും ലഭ്യമാക്കാനാകും. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാനുമാകും.
മഹല്ലില്‍ നടക്കുന്ന ആഭാസവും ആര്‍ഭാടവുമായ വിവാഹവും ചൂതാട്ടവും കാണുമ്പോള്‍ ആരും നെറ്റിചുളിച്ചുപോവും. ഇത്തരം പേക്കൂത്തുകളുടെ പ്രധാനകാരണം മഹല്ല് ഭാരവാഹികളുടെ ഉത്തരവാദിത്വമില്ലായ്മയാണ്. സര്‍വശക്തന്‍ അനുഗ്രഹിച്ചു തന്ന സുന്ദരവും ലളിതവുമായ മഹല്ല് സംവിധാനം പ്രയോജനപ്പെടുത്താതിരിക്കുന്നതാണു പ്രശ്‌നം.
ചില കുടുംബങ്ങള്‍ കുത്തകയായി കൊണ്ടുനടക്കുന്ന മഹല്ലുകള്‍ ഇന്നും പല ജില്ലകളിലുമുണ്ട്. അനീതി കാണിച്ചുകൊടുക്കുന്ന ഖാളിമാരെ കണ്ണുരുട്ടി പേടിപ്പിക്കുന്ന മഹല്ല് ഭാരവാഹികളും അവരെ പിണക്കാതെ കണ്ണുചിമ്മുന്ന ഖാളിമാരുമുണ്ട്. സ്വന്തം മഹല്ലില്‍ ഉപ്പയില്ലാത്ത പാവപ്പെട്ട പെണ്‍കുട്ടികള്‍ കെട്ടു പ്രായം കഴിഞ്ഞു വീട്ടിലിരിക്കുമ്പോള്‍ സ്വന്തംവീട്ടിലെ കല്യാണം ആര്‍ഭാടവും ആഘോഷവും പാട്ടും കൂത്തുമായി നടത്തുകയും അവരുടെ ഇഷ്ടത്തിന് വഴങ്ങുന്ന ഖാളിമാരുമുള്ള മഹല്ലുകളാണു കല്യാണാഭാസങ്ങള്‍ക്കു വഴിയൊരുക്കുന്നത്. ഇങ്ങനെയുള്ള മഹല്ലുകളെ കണ്ടെത്തി ഭാരവാഹികള്‍ക്കു ശക്തമായ ബോധവല്‍ക്കരണവും താക്കീതും നല്‍കേണ്ടതു ആവശ്യമാണെങ്കില്‍ അഴിച്ചുപണി നടത്തേണ്ടതും അനിവര്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."