'മണ്ണാന്‍കുളം' നവീകരണത്തിന്റെ പേരില്‍ പാഴാക്കിയത് ലക്ഷങ്ങള്‍
കോട്ടയം: കുളം നവീകരണത്തിന്റെ പേരില്‍ പാഴാക്കിയത് ലക്ഷങ്ങള്‍. ഹരിയാലി പദ്ധതിയുടെ ഭാഗമായി കുറിച്ചി പഞ്ചായത്തിലെ മണ്ണാന്‍കുളം നവീകരണ പ്രവര്‍ത്തനം നടത്തിയതിലൂടെയാണ് ലക്ഷങ്ങള്‍ കളഞ്ഞു കുളിച്ചത്. ലക്ഷങ്ങള്‍ മുടക്കി പുനരുദ്ധരിച്ച കുളം പൊതുജനത്തിന് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. പദ്ധതിയുടെ ഭാഗമായി ഏകദേശം 912000 രൂപയാണ് കുളം പുനരുദ്ധാരണത്തിന് ചെലവാക്കിയത്. പക്ഷെ, ലക്ഷങ്ങള്‍ മുടക്കിയതിന്റെ യാതൊരു പ്രയോജനവും നാട്ടുകാര്‍ക്ക് ലഭിച്ചില്ലെന്നതാണ് വസ്തുത. മണാന്‍കുളം നവീകരിച്ചതാണെന്ന് അറിയണമെങ്കില്‍ സമീപത്തെ ബോര്‍ഡ് വീക്ഷിക്കണം. അല്ലാതെ ആര്‍ക്കും പറയാന്‍ കഴിയില്ല നവീകരണ പ്രവര്‍ത്തനം നടത്തിയതാണീ കുളമെന്ന്. അത്രയ്ക്കും മോശമാണ് കുളത്തിന്റെ സ്ഥിതി.
കുറിച്ചി ആനമുക്കിന് സമീപമുള്ള കുളത്തിനാണ് ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും ശാപമോക്ഷം ലഭിക്കാത്തത്. കുളം തിട്ടകെട്ടി സംരക്ഷിച്ചുവെന്ന് അധികൃതര്‍ പറയുമ്പോഴും പായലു കയറി കിടക്കുകയാണ് കുളം. കൂടാതെ, ജലാശയത്തിന്റെ പകുതി ഭാഗം മണ്ണു നിറഞ്ഞും കിടക്കുന്നു. ഇത് എടുത്തു മാറ്റാന്‍ പോലും പഞ്ചായത്ത് അധികൃതര്‍ തയാറായിട്ടില്ല.
ദൈനംദിന ആവശ്യത്തിനുമായി പ്രദേശവാസികള്‍ കുടിവെള്ള വിതരണക്കാരെ ആശ്രയിക്കുമ്പോഴാണ് ഇത്തരത്തില്‍ ലക്ഷങ്ങള്‍ മുടക്കി പുനരുദ്ധാരണം നടത്തിയ കുളം ആര്‍ക്കും പ്രയോജനപ്പെടാതെ പോകുന്നത്. വേനല്‍ അല്‍പം കഠിനമായാല്‍ വെള്ളത്തിനു വേണ്ടി പലരും നെട്ടോട്ടമോടുകയാണ് ഇവിടെ. ഈ സാഹചര്യത്തില്‍ പുനരുദ്ധാരണം വ്യക്തമായ ലക്ഷ്യത്തോടെ നടപ്പാക്കിയിരുന്നെങ്കില്‍ പ്രദേശവാസികള്‍ക്ക് ഏറെ പ്രയോജനകരമാകുമായിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും ചിന്തിക്കാതെ പദ്ധതിത്തുക ചെലവഴിക്കാനായി നടത്തിയ നിര്‍മാണത്തിന്റെ ബാക്കിപത്രമാണ് മണ്ണാന്‍കുളം.
തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനും മറ്റുമായി ആരംഭിച്ച പദ്ധതിയുടെ പേരില്‍ ചെലവാക്കിയ പണത്തിന് ഇന്നും യാതൊരു ഫലവുമുണ്ടായിട്ടില്ലെന്ന് വേണം പറയാന്‍.സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ഫലം കാണാതെ പോകുന്നതിന്റെ ഉദാഹരണമാണ് മണ്ണാന്‍കുളം. ആദ്യ കാലത്ത് കുളിക്കാനും തുണിയലക്കാനും മറ്റുമായി നിരവധിയാളുകള്‍ മണ്ണാന്‍കുളത്തയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കുളം കളിക്കളമായ സ്ഥിതിയാണ്. തുണിയലക്കാനോ കുളിക്കാനോ പോലും കുളത്തെ ആശ്രയിക്കാന്‍ കഴിയില്ല. അത്രയ്ക്കും മോശമാണ് നിലവിലെ സ്ഥിതി. ഇതിന് മാറ്റം വരുത്തി കുളം പൊതുജനത്തിന് ഉപയോഗപ്രദമാകുന്ന രീതിയില്‍ പുനരുദ്ധരിക്കാന്‍ ആരും തയാറായിട്ടില്ല.
തിട്ടകെട്ടി സംരക്ഷിക്കുന്നതിന് മുന്‍പ് മഴക്കാലമായാല്‍ റോഡിലെ വെള്ളവും ചെളിയും വ്വനു ചേരുന്നതും ഇതിലേക്കായിരുന്നു. അങ്ങനെ മണ്ണു നിറഞ്ഞു കുളത്തിന്റെ ആഴവും കുറഞ്ഞു.
അതേസമയം പുനരുദ്ധാരണ സമയത്ത് കുളത്തിന്റെ ആഴം കൂട്ടാനുള്ള നടപടികളൊന്നും കൈക്കൊണ്ടിരുന്നില്ല.
പദ്ധതിക്ക് അനുവദിച്ച തുക വിനിയോഗിച്ചുവെന്ന് കാണിക്കുവാന്‍ തിട്ടകെട്ടി ബോര്‍ഡും സ്ഥാപിച്ചു.ഇതില്‍ കൂടുതല്‍ യാതൊന്നും അധികൃതരോ ജനപ്രതിനിധികളോ മണ്ണാന്‍കുളത്തെ സംരക്ഷിക്കുവാന്‍ ചെയ്തിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."