ജില്ലാ ആശുപത്രിയില്‍ ദന്തഡോക്ടറില്ല; രോഗികളുടെ കഷ്ടപ്പാട് തുടരുന്നു
പാലക്കാട്: ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തില്‍ ദന്ത ഡോക്ടറില്ലാതെ ഒരു മാസം പിന്നിട്ടിട്ടും നടപടിയായില്ല. ദന്ത ഡോക്ടര്‍ പ്രസവാവധിയില്‍ പോയതാണ് കുട്ടികളെ കഷ്ടത്തിലാക്കിയത്.
ഡോക്ടറില്ലെന്ന് പരാതി പറയാനെത്തുന്നവരെ അവഹേളിക്കുന്നതായും ആക്ഷേപമുണ്ട്. കുട്ടികളുടെ ആശുപത്രിയില്‍ ദന്ത ചികിത്സയില്ല, മറ്റെവിടെയെങ്കിലും പോകണമെന്നാണ് ജില്ലാ ആശുപത്രി അധികൃതര്‍ പറയുന്നത്. ജില്ലാ ആശുപത്രിയിലെ പ്രധാന കെട്ടിടത്തില്‍ ദന്തവിഭാഗമുണ്ട്. എന്നാല്‍ ഇവിടെ 13 വയസിന് താഴെയുള്ളവര്‍ക്ക് ചികിത്സയില്ല.
കുട്ടികളുടെ വിഭാഗത്തിലെ ഡോക്ടര്‍ അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പകരം ഡോക്ടറെ നിയമിച്ചിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്‍.ആര്‍.എച്ച്.എം വഴി നിയമിതനായ പകരക്കാരന്‍ ആഴ്ചയില്‍ മൂന്നുദിവസം മാത്രമാണ് പരിശോധന നടത്തുന്നത്. ബാക്കി ദിവസങ്ങളില്‍ അദ്ദേഹം മുതിര്‍ന്നവരുടെ ദന്ത വിഭാഗത്തിലാണ് സേവനമനുഷ്ഠിക്കുന്നത്.
ജില്ലാ ആശുപത്രിയില്‍ അഞ്ച് ദന്തഡോക്ടര്‍മാരുണ്ട്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള മൂന്നുപേരും ആരോഗ്യവകുപ്പില്‍ നിന്നുള്ള രണ്ടുപേരുമാണ് ഇവിടെ രോഗികളെ പരിശോധിക്കുന്നത്.
അഞ്ചു ദന്ത ഡോക്ടര്‍മാര്‍ തന്നെ അധികമാകുന്ന സാഹചര്യത്തിലാണ് എന്‍.ആര്‍.എച്ച്.എം വഴി മറ്റൊരു ഡോക്ടറെ കൂടി നിയമിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ സേവനം കുട്ടികളുടെ ആശുപത്രിയില്‍ മുഴുവന്‍ ദിവസവും ആക്കി മാറ്റണമെന്നാണ് രോഗികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."