കറന്‍സി നിരോധനം: തൊഴില്‍ മേഖലകളിലെ സ്തംഭനം തുടരുന്നു
തുറവൂര്‍: കറന്‍സി നിരോധനത്തെതുടര്‍ന്നുള്ള പണക്ഷാമത്തിന്റെ കെടുതി രൂക്ഷമായി തുടരുന്നു.ഗ്രാമീണമേഖലകള്‍ മുഴുവന്‍ പട്ടിണിയിലാണ്.നിര്‍മാണ മേഖലയും കച്ചവടമേഖലയും വ്യവസായ മേഖലയുമെല്ലാം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പ്രതിസന്ധിയിലാണ്.
അരൂര്‍ മേഖലയിലെ മുഖ്യ വ്യവസായം മത്സ്യസംസ്‌ക്കരണവും കയറ്റുമതിയുമാണ്. കടലോരത്തെ മത്സ്യക്കച്ചവടം മുതല്‍ വിവിധ തൊഴില്‍ രംഗങ്ങളിലൂടെയാണ് കയറ്റുമതി വരെ നടക്കുന്നത്. ഏറ്റവുമധികം തൊഴിലാളികള്‍ ചെമ്മീന്‍ സംസ്‌ക്കരണ രംഗത്താണ് ജോലി ചെയ്യുന്നത്.പണ ഞെരുക്കത്തിന്റെ ആദ്യ നാളുകളില്‍ തുടങ്ങിയ പ്രതിസന്ധി മറികടക്കാന്‍ വ്യവസായികള്‍ക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ആഴ്ചചയില്‍ തോറുംശനിയാഴ്ച നല്‍കിയിരുന്ന കൂലി തീര്‍ത്തു നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്.പലര്‍ക്കും കമ്പനികള്‍ കൂലിനല്‍കാനുണ്ട്.
എന്നാല്‍ കമ്പനികള്‍ക്ക് ബാങ്കുകളില്‍ നിന്നും പണം കൂടുതല്‍ പിന്‍വലിക്കാനും കഴിയുന്നില്ല. ബാങ്കുകളിലെ തിരക്കുകള്‍ തുടരുകയാണ്. പുരുഷന്മാരായ തൊഴിലാളികള്‍ കൂടുതല്‍ ആശ്രയിക്കുന്ന തൊഴില്‍ മേഖലയായ കെട്ടിട നിര്‍മാണ രംഗവും സ്തംഭനാവസ്ഥയിലായിരിക്കുകയാണ്. ആഴ്ചതോറും കോടിക്കണക്കിന് രൂപ ആവശ്യമുള്ള നിര്‍മാണക്കമ്പനികള്‍ക്കും കേവലം അമ്പതിനായിരം രൂപ മാത്രമേ ബാങ്കില്‍ നിന്നും ലഭിക്കുകയുള്ളുവെന്ന നിബന്ധനയാണ് കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ പെട്ടിക്കടകള്‍ വരെ ആളൊഴിഞ്ഞ അവസ്ഥയിലാണ് .പതിവില്ലാത്ത വിധം കച്ചവട സ്ഥാപനങ്ങള്‍ കടക്കെണിയിലായിരിക്കുകയാണ്. കേന്ദ്ര ഗവര്‍മെന്റിന്റെ കറന്‍സി നിരോധനം മൂലം ജനജീവിതം താറുമാറായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."