എസ്.ഐക്കെതിരേ ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്നാക്ഷേപം
മട്ടാഞ്ചേരി: പള്ളുരുത്തിയില്‍ ട്രാഫിക് എസ്.ഐ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എസ്.ഐക്കെതിരെ കേസെടുത്തുവെങ്കിലും ചുമത്തിയത് ദുര്‍ബല വകുപ്പുകളെന്നാക്ഷേപം.
തടഞ്ഞ് നിര്‍ത്തി കൈ കൊണ്ടടിക്കുന്നതിന് ഇടുന്ന വകുപ്പുകളായ 323, 341 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വാലുമ്മേല്‍ രാമനിലയത്തില്‍ ചെന്താമരാക്ഷനെയാണ് മട്ടാഞ്ചേരി ട്രാഫിക് വിംഗിലെ എസ്.ഐ ബിബിന്റെ നേതൃത്വത്തില്‍ ക്രൂരമര്‍ദനത്തിനിരയാക്കിയത്.
ചെന്താമരാക്ഷനെ ക്രൂരമായി മര്‍ദിച്ചതായി സ്ഥലത്തുണ്ടായിരുന്ന വാഹന ഉടമയും ചെന്താമരാക്ഷനും മൊഴി നല്‍കിയിട്ട് പോലും നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത് ആരോപണ വിധേയനായ എസ്.ഐയെ സംരക്ഷിക്കുന്നതിനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
മര്‍ദനത്തിന് സഹായിയെന്ന് പറയപ്പെടുന്ന ഡ്രൈവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ഡ്രൈവറെ എ.ആര്‍ ക്യാംപിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്.
അതേസമയം മുന്‍പ് ട്രെയിലര്‍ ഓടിച്ചിരുന്ന പൊലിസ് ഡ്രൈവര്‍ക്ക് മര്‍ദനത്തിനിരയായ ചെന്താമരാക്ഷനോട് പൂര്‍വ വൈരാഗ്യമുണ്ടായിരുന്നതായും ഇതിന്റെ ഭാഗമായിരുന്നു മര്‍ദനമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ക്രൂര മര്‍ദനത്തിന് വിധേയനായ ചെന്താമരാക്ഷന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."