വൈദ്യുത തൂണുകളിലൂടെ കേബിള്‍ വലിക്കാനുള്ള ശ്രമം കെ.എസ്.ഇ.ബി തടഞ്ഞു
കല്‍പ്പറ്റ: വയനാട്ടിലെ കെ.എസ്.ഇ.ബി ഓഫിസുകളില്‍ അറിയിക്കാതെ വൈദ്യുതി പോസ്റ്റുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ചത് അധികൃതര്‍ തടഞ്ഞു. കല്‍പ്പറ്റ ഡിവിഷനിലെ മേപ്പാടി സെക്ഷന്‍ പരിധിയില്‍ വരുന്ന മേപ്പാടി കല്‍പ്പറ്റ റൂട്ടില്‍ പാലവയല്‍ മുതല്‍ കല്ലായി കാപ്പം കൊല്ലി റോഡ് വരെയുള്ള ഇരുപതോളം പോസ്റ്റുകളിലൂടെയാണ് വ്യാഴാഴ്ച റിലയന്‍സ് കമ്പനി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിച്ചത്.
സംസ്ഥാനതലത്തില്‍ നിന്ന് അനുമതിയുണ്ടെന്ന പേരിലായിരുന്നു ഇത്. എന്നാല്‍ വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കുന്ന കാര്യം റിലയന്‍സ് ജില്ലയിലെ സര്‍ക്കിള്‍ ഓഫിസിലോ ഡിവിഷന്‍ ഓഫിസുകളിലോ അറിയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കല്‍പ്പറ്റ ഡിവിഷന്‍ ഇടപെട്ട് വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കുന്നത് നിര്‍ത്തിവക്കാന്‍ മേപ്പാടി സെക്ഷന്‍ ഓഫിസിന് നിര്‍ദേശം നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി നിര്‍ത്തിവക്കാന്‍ സെക്ഷന്‍ ഓഫിസ് റിലയന്‍സിനോട് ആവശ്യപ്പെടുകയായിരുന്നു.
സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിന്ന് ലഭിച്ച അനുമതി പത്രം ഹാജരാക്കാന്‍ റിലയന്‍സിന് കല്‍പ്പറ്റ ഡിവിഷന്‍ ഓഫിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇരുപതിനായിരത്തോളം വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സിന് നല്‍കിയിട്ടുള്ളതായാണ് പറയപ്പെടുന്നത്.
മുന്‍ യു.ഡി.എഫ് സര്‍ക്കാറാണ് വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സിന് തീറെഴുതിയത്. ജില്ലയില്‍ നൂറോളം പോസ്റ്റുകള്‍ക്കാണ് അനുമതിയുള്ളത്. എന്നാല്‍ കേബിള്‍ വലിക്കുന്ന സ്ഥലങ്ങളുടെ റൂട്ട് മാപ്പോ ഒന്നും തന്നെ നല്‍കാതെയാണ് ജില്ലയിലെ വൈദ്യുതി പോസ്റ്റുകളെ കയ്യടക്കാന്‍ റിലയന്‍സ് ശ്രമം നടത്തുന്നത്. വയനാട്ടില്‍ റിലയന്‍സ് വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ വലിക്കാനാരംഭിച്ചോ എന്നത് സംബന്ധിച്ച് അടുത്തിടെ കോഴിക്കോട് നോര്‍ത്ത് റീജിയനല്‍ ചീഫ് എന്‍ജിനീയര്‍ കല്‍പ്പറ്റ സര്‍ക്കിള്‍ ഓഫിസിനോട് വിവരം ആരാഞ്ഞപ്പോള്‍ സര്‍ക്കിള്‍ ഓഫിസിന് കീഴിലുള്ള കല്‍പ്പറ്റ മാനന്തവാടി സബ് ഡിവിഷനുകളില്‍ നിന്നും ഇല്ലെയന്ന മറുപടിയാണ് നല്‍കിയിട്ടുള്ളത്.
ഇങ്ങനെയിരിക്കെയാണ് കെ.എസ്.ഇ.ബിയെ അറിയിക്കുക പോലും ചെയ്യാതെ റിലയന്‍സ് മേപ്പാടി ഭാഗത്തെ പോസ്റ്റുകളിലൂടെ കേബിള്‍ വലിച്ചത്. ഫോര്‍ ജി സേവനങ്ങള്‍ എത്തിക്കാനെന്ന പേരിലാണ് വൈദ്യുതി പോസ്റ്റുകളിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വലിക്കുന്നത്.
വയര്‍ലെസ് സങ്കേതിക വിദ്യയിലൂടെയാണ് ഫോര്‍ ജി സിഗ്നല്‍ എത്തിക്കുന്നതെന്നിരിക്കെ വൈദ്യുതി പോസ്റ്റുകളിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല നിര്‍മിക്കാനുള്ള റിലയന്‍സിന്റെ നീക്കത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കേബിള്‍ ടി.വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
എന്നാല്‍ ടവര്‍ ടു ടവര്‍ നല്‍കുന്ന ഫോര്‍ ജി സിഗ്നലിന് കൂടുതല്‍ വ്യക്ത ലഭിക്കാന്‍ വേണ്ടിയാണ് പോസ്റ്റുകളിലൂടെ ഒ.എഫ്.സി കേബിളുകള്‍ സ്ഥാപിക്കുന്നതെന്നാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം വൈദ്യുതി ബോര്‍ഡിനെ ധരിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."