രണ്ടാം ഏകദിനം ഇന്ന്: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ
കട്ടക്: പരമ്പര ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ കളത്തിലിറങ്ങും. ആദ്യ മത്സരത്തില്‍ വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാവും ഇന്ത്യ ഇന്ന് മത്സരിക്കുക. മുന്‍നിര പരാജയപ്പെട്ടിട്ടും നായകന്‍ വിരാട് കോഹ്‌ലി, കേദാര്‍ ജാദവ് എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലായിരുന്നു ഇന്ത്യയുടെ ജയം. രണ്ടാം മത്സരത്തിലും ഇരുവരും തന്നെയാണ് ശ്രദ്ധാകേന്ദ്രം.
പൂനെയിലെ പോലെ കട്ടക്കിലെ ബരാബതി സ്റ്റേഡിയവും ബാറ്റിങിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചാണ്. ആദ്യ മത്സരത്തിലെ പോലെ വമ്പന്‍ സ്‌കോര്‍ പിറന്നാലും അദ്ഭുതപ്പെടാനില്ല. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങ് പ്രശ്‌നമല്ലെങ്കിലും ബൗളിങില്‍ പോരായ്മയുണ്ട്. ഇംഗ്ലണ്ടും സമാന പ്രശ്‌നം നേരിടുന്നുണ്ട്.
കട്ടക്കില്‍ അമിത് മിശ്രയ്ക്ക് പകരം രവിചന്ദ്രന്‍ അശ്വിന്‍ കളിക്കും. ബാറ്റിങ് പിച്ചുകളില്‍ മിശ്ര പരാജയമാണെന്ന വിലയിരുത്തലുമുണ്ട്. എന്നാല്‍ അശ്വിനും മിശ്രയെ പോലെ ബാറ്റിങ് പിച്ചുകളില്‍ മികവു കാണിക്കാന്‍ സാധിക്കാറില്ല. പേസ് ബൗളിങിനെ ഉമേഷ് യാദവും ജസ്പ്രിത് ബുമ്‌റയും തന്നെ നയിക്കും. അധിക പേസറായ ഹര്‍ദിക് പാണ്ഡ്യ കളിക്കും.
ബാറ്റിങ് നിരയില്‍ ശിഖര്‍ ധവാന്റെ മോശം ഫോമാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. തുടര്‍ച്ചയായി പരാജയപ്പെടുന്ന ധവാന്‍ ഈ മത്സരത്തിലും പരാജയപ്പെട്ടാല്‍ പകരക്കാരനെ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായേക്കും.
ലോകേഷ് രാഹുല്‍, യുവരാജ് സിങ്, മഹേന്ദ്ര സിങ് ധോണി എന്നിവരും ഫോമിലേക്കുയര്‍ന്നിട്ടില്ല. ടെസ്റ്റില്‍ മികച്ച ഇന്നിങ്‌സുകള്‍ കാഴ്ച്ചവയ്ക്കുന്ന രാഹുലിന് ഏകദിനത്തില്‍ കഴിവിനൊത്ത പ്രകടനം നടത്താനായിട്ടില്ല. ടീമില്‍ നിലനില്‍ക്കണമെങ്കില്‍ യുവരാജിന് മികച്ച ഇന്നിങ്‌സ് കാഴ്ച്ചവച്ചേ മതിയാകൂ.
മറുവശത്ത് ഇംഗ്ലീഷ് ടീമിന് ബാറ്റിങ് നിരയുടെ ഫോം ആശ്വാസം നല്‍കുന്നുണ്ട്. ജേസന്‍ റോയ്, അലക്‌സ് ഹെയ്ല്‍സ്, ജോ റൂട്ട്, ജോസ് ബട്‌ലര്‍ എന്നിവര്‍ ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കാന്‍ കെല്‍പുള്ള താരങ്ങളാണ്. നായകന്‍ ഇയാന്‍ മോര്‍ഗന്‍ കഴിവിനൊത്ത് ഉയര്‍ന്നാല്‍ ഇംഗ്ലണ്ടിന് വമ്പന്‍ സ്‌കോര്‍ തന്നെ സ്വന്തമാക്കാം.
എന്നാല്‍ ബൗളിങില്‍ ഇംഗ്ലണ്ടിന് നിരവധി പോരായ്മകളുണ്ട്. ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ജേക്ക് ബൗള്‍, ക്രിസ് വോക്‌സ് എന്നിവര്‍ അടങ്ങുന്ന ബൗളിങ് നിര ആദ്യ മത്സരത്തില്‍ പരാജയമായിരുന്നു. ആദില്‍ റഷീദിന് പകരം രണ്ടാം മത്സരത്തില്‍ ലിയാം പ്ലങ്കറ്റിനെ ഇംഗ്ലണ്ട് കളിപ്പിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."