ആസ്‌ത്രേലിയന്‍ ഓപണ്‍: മുറെ, ഫെഡറര്‍, വീനസ്, മുഗുരുസ മൂന്നാം റൗണ്ടില്‍
സിഡ്‌നി: ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ വമ്പന്‍മാരായ ആന്‍ഡി മുറെയും റോജര്‍ ഫെഡററും മൂന്നാം റൗണ്ടില്‍ കടന്നു. റഷ്യയുടെ ആന്ദ്രെ റുബ്‌ലേവിനെയാണ് മുറെ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-0, 6-2. കാല്‍ക്കുഴയ്‌ക്കേറ്റ പരുക്കിനെ തുടര്‍ന്നാണ് കളത്തിലിറങ്ങിയതെങ്കിലും അനായാസ ജയം നേടാന്‍ മുറെയ്ക്ക് സാധിച്ചു.
അനായാസം ആദ്യ സെറ്റ് സ്വന്തമാക്കിയ മുറെയ്ക്ക് മുന്നില്‍ റഷ്യന്‍ താരം അതിവേഗം സമ്മര്‍ദത്തിലേക്ക് വീണു. രണ്ടു മൂന്നും സെറ്റും യാതൊരു പിഴവും കൂടാതെ സ്വന്തമാക്കാനും മുറെയ്ക്ക് സാധിച്ചു. അമേരിക്കയുടെ സാം ക്വെറിയാണ് മുറെയ്ക്ക് മൂന്നാം റൗണ്ടില്‍ എതിരാളി. ആസ്‌ത്രേലിയന്‍ ഓപണില്‍ അഞ്ചു ഫൈനലുകള്‍ പരാജയപ്പെട്ട മുറെ ഇത്തവണ കിരീടം ലക്ഷ്യമിട്ടാണ് മത്സരിക്കാനിറങ്ങുന്നത്. തോല്‍ക്കുകയാണെങ്കില്‍ ടെന്നീസിന്റെ പുതിയ കാലഘടത്തില്‍ ഏറ്റവുമധികം ഗ്ലാന്‍ഡ് സ്‌ലാം ഫൈനലുകള്‍ പരാജയപ്പെട്ട താരമെന്ന നാണക്കേട് മുറെയ്ക്ക് തേടിയെത്തും.
അമേരിക്കന്‍ താരം നോവ റൂബിനെതിരേ ഇഞ്ചോടിഞ്ച് പൊരുതിയാണ് ഫെഡറര്‍ ജയം സ്വന്തമാക്കിയത്. സ്‌കോര്‍ 7-5, 6-3, 7-6. മൂന്നു സെറ്റിലും ഫെഡററെ വിറപ്പിച്ച റൂബിന്‍ താരത്തെ തോല്‍വിയിലേക്ക് തള്ളിയിടുമെന്ന് തോന്നിയെങ്കിലും പരിചയസമ്പത്ത് ഫെഡററെ പിന്തുണയ്ക്കുകയായിരുന്നു. തോമസ് ബെറിഡിച്ചാണ് മൂന്നാം റൗണ്ടില്‍ ഫെഡറര്‍ക്ക് എതിരാളി.
മറ്റ് മത്സരങ്ങളില്‍ വാവ്‌റിങ്ക ജോണ്‍സനെയും ടോമിക് എസ്‌ത്രെല്ല ബുര്‍ഗോസിനെയും നിഷികോരി ജെറമി ചാര്‍ഡിയെയും ആന്ദ്രെ സെപ്പി കിര്‍ഗിയോസിനെയും സോംഗ ലാജോവികിനെയും ഇവാന്‍സ് സിലിച്ചിനെയും ട്രോയ്‌സ്‌കി ലോറെന്‍സിയെയും സ്വെരേവ് ഇസ്‌നറെയും പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നു. ഇതില്‍ കിര്‍ഗിയോസ് സ്വന്തം നാട്ടില്‍ അപ്രതീക്ഷിത തോല്‍വിയാണ് വഴങ്ങിയത്. സെപ്പിയോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് കിര്‍ഗിയോസ് തോല്‍വി നേരിട്ടത്.
വനിതാ വിഭാഗത്തില്‍ വീനസ് വില്യംസ്, ആഞ്ചലിക്വ കെര്‍ബര്‍, ഗാര്‍ബിന്‍ മുഗുരുസ, എന്നിവര്‍ മൂന്നാം റൗണ്ടില്‍ കടന്നു. വീനസ് സ്വിസ് താരം സ്റ്റെഫാനി വോജെല്ലയെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-2. അനായാസം മത്സരിച്ച വീനസിനെതിരേ പൊരുതാന്‍ പോലും സാധിക്കാതെയാണ് വോജെല്ലെ പരാജയം വഴങ്ങിയത്. ചൈനീസ് താരം ഡുവാന്‍ യിങ് യിങായിരിക്കും വീനസിന് മൂന്നാം റൗണ്ടില്‍ എതിരാളി.
ഒന്നാം സീഡ് താരം കെര്‍ബര്‍ തന്റെ പ്രതിഭയ്‌ക്കൊത്ത ജയം സ്വന്തമാക്കാതെയാണ് മൂന്നാം റൗണ്ടിലെത്തിയത്. നാട്ടുകാരി കരീന വിത്തോഫ്റ്റിനെയാണ് കെര്‍ബര്‍ മറികടന്നത്. സ്‌കോര്‍ 6-2, 6-7, 6-2. മൂന്നു റൗണ്ട് പോരാട്ടത്തില്‍ ഇരുതാരങ്ങളും നിരവധി പിഴവുകളാണ് വരുത്തിയത്. രണ്ടാം സെറ്റ് അപ്രതീക്ഷിതമായി കെര്‍ബര്‍ക്ക് നഷ്ടമാവുകയും ചെയ്തു. എന്നാല്‍ മൂന്നാം സെറ്റിലെ ജയവുമായി രക്ഷപ്പെടുകയായിരുന്നു കെര്‍ബര്‍.
മുഗുരുസ അമേരിക്കയുടെ ക്രോഫോര്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-4. അനായാസമായിരുന്നു മുഗുരുസയുടെ ജയം.മറ്റു മത്സരങ്ങളില്‍ സ്വിറ്റോലിന ബോസെറപിനെയും കുസ്‌നെട്‌സോവ ഫോര്‍ലിസിനെയും ബാര്‍ട്ടി റോജേഴ്‌സിനെയും യെലേന യാങ്കോവിച്ച് ജോര്‍ജസിനെയും പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."