ചിറകില്ലെങ്കിലും ഉയരെ പറന്ന്
കണ്ണൂര്‍: ഇരുകരങ്ങളുമില്ലാതെയായിരുന്നു കണ്‍മണിയുടെ പിറവി. ചിറകില്ലെങ്കിലും ആത്മവിശ്വാസത്തിന്റെ വിശാലാകാശത്ത് കണ്‍മണി പാറിനടന്നു. നേട്ടങ്ങളുടെ നെറുകയില്‍ മറ്റുള്ളവര്‍ അവളെ കണ്‍നിറയെ കണ്ടു. ആലപ്പുഴ താമരക്കുളം വി.വി.എച്ച്.എസ്.എസിലെ പത്താംക്ലാസുകാരി കണ്‍മണി ഹൈസ്‌കൂള്‍ വിഭാഗം അഷ്ടപദിയിലും ഗാനാലാപനത്തിലും ഒന്നാമതെത്തിയപ്പോള്‍ നിറകണ്‍ ചിരിയുമായി ചുറ്റിലും ബന്ധുക്കളും സുഹൃത്തുക്കളും. ശാസ്ത്രീയ സംഗീതത്തില്‍ മൂന്നാംസ്ഥാനവും ഈ കലാകാരിയെ തേടിയെത്തി.
മാവേലിക്കര അറുന്നൂറ്റിമംഗലം അഷ്ടപദിയില്‍ ശശികുമാറിന്റെയും രേഖയുടെയും മകളായ കണ്‍മണിക്കു ജന്മനാ ഇരുംകൈയുമില്ല. ഒന്നാംക്ലാസ് മുതല്‍ സംഗീത പരിശീലനം തേടുന്ന കണ്‍മണി മികച്ച ചിത്രകാരി കൂടിയാണ്. ആലപ്പുഴ ജില്ലാ കലോത്സവത്തില്‍ ജലഛായത്തില്‍ മൂന്നാംസ്ഥാനം നേടിയിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ അപ്പീലിലൂടെയാണു അമ്മ രേഖയ്‌ക്കൊപ്പം കണ്‍മണി സംസ്ഥാന കലോത്സവത്തിനു കണ്ണൂരിലേക്കു വണ്ടികയറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."