കെ.എസ്.ആര്‍.ടി.സിയില്‍ ട്രാവല്‍ കാര്‍ഡ് ഇന്നു മുതല്‍
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി പുതുതായി തുടങ്ങുന്ന ട്രാവല്‍ കാര്‍ഡ് (സീസണ്‍ കാര്‍ഡ്) സംവിധാനം ഇന്നു മുതല്‍ നിലവില്‍ വരും. വ്യത്യസ്ത തുകകള്‍ക്കുള്ള നാലുതരം കാര്‍ഡുകളാണ് ലഭ്യമാക്കുന്നത്. ഒരുമാസത്തേക്കാണ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്നത്. നേരത്തേ പണം നല്‍കി കാര്‍ഡ് എടുക്കുന്നതിനാല്‍ ഓരോ യാത്രയിലും തുക മുടക്കി ടിക്കറ്റ് എടുക്കേണ്ടതില്ല. യാത്രക്കാര്‍ ബസില്‍ കയറുന്ന സമയം കണ്ടക്ടര്‍ക്ക് കാര്‍ഡ് നല്‍കണം. ഈ കാര്‍ഡ് കണ്ടക്ടര്‍ ഇ.ടി.എം മെഷീനില്‍(ടിക്കറ്റ് മെഷീന്‍) രേഖപ്പെടുത്തും. കയറിയ സ്ഥലം- ഇറങ്ങേണ്ട സ്ഥലം എന്നിവയും മെഷീനില്‍ (ഫെയര്‍ സ്റ്റേജ് അനുസരിച്ച് ) രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ യാത്ര ചെയ്യാം.
ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്രീമിയം എന്നീ കാര്‍ഡുകളാണ് ഇറക്കുക. ആയിരം രൂപയുടേതാണ് ബ്രോണ്‍സ് കാര്‍ഡ്. റവന്യൂ ജില്ലയ്ക്കുള്ളില്‍ സിറ്റി സര്‍വിസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി സര്‍വിസുകള്‍ എന്നിവയില്‍ യാത്ര ചെയ്യാം.
1500 രൂപയുടേതാണ് സില്‍വര്‍ കാര്‍ഡ്. ഈ കാര്‍ഡുള്ളവര്‍ക്ക് സിറ്റി സര്‍വിസ്, സിറ്റി ഫാസ്റ്റ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ്, ജന്റം നോണ്‍ എ.സി. സര്‍വിസുകളില്‍ യാത്രചെയ്യാം. 3000 രൂപയുടെ ഗോള്‍ഡ് കാര്‍ഡ് എടുക്കുന്നവര്‍ക്ക് സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ്, ഓര്‍ഡിനറി ലിമിറ്റഡ് സ്‌റ്റോപ്പ്, സിറ്റി, സിറ്റി ഫാസ്റ്റ്, ജന്റം നോണ്‍ എ.സി. സര്‍വിസുകളില്‍ യാത്രചെയ്യാം. 5000 രൂപയുടെ പ്രിമിയം കാര്‍ഡ് എടുക്കുന്ന യാത്രക്കാര്‍ക്ക് ജന്റം നോണ്‍ എ.സി, ജന്റം എ.സി, സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് ഓര്‍ഡിനറി ലിമിറ്റഡ് സ്‌റ്റോപ്പ്, ഓര്‍ഡിനറി, സിറ്റി സര്‍വിസ്, സിറ്റി ഫാസ്റ്റ് എന്നിവയില്‍ യാത്ര ചെയ്യാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."