ബിവറേജസ് ഔട്ട്ലെറ്റില് നിന്ന് 14 ലക്ഷത്തോളം രൂപ കവര്‍ന്നു
ശാസ്താംകോട്ട(കൊല്ലം): സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ശേഷം ബിവറേജസ് ഔട്ട്ലെറ്റില് നിന്നും 14 ലക്ഷത്തോളം രൂപ കവര്‍ന്നു. ശാസ്താംകോട്ട പഴയ കോടതിമുക്കിലെ ബിവറേജസ് ഔട്ട്ലെറ്റില് കഴിഞ്ഞദിവസം രാത്രിയില്‍ ആണ് സംഭവം. സുരക്ഷാ ജീവനക്കാരനെ കെട്ടിയിട്ട ആറംഗസംഘം മുന്‍വശത്തെ ഷട്ടര്‍ തകര്‍ത്ത് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 13.87ലക്ഷം രൂപ കവരുകയായിരുന്നു. ജീവനക്കാര്‍ പോയശേഷം എത്തിയ കവര്‍ച്ചാസംഘം തന്നെ മര്‍ദിച്ച് അവശനാക്കി കെട്ടിയിട്ടശേഷം മാരകായുധങ്ങള്‍ ഉപയോഗിച്ച് ഷട്ടര്‍ തകര്‍ത്താണ് ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നതെന്ന് താല്‍ക്കാലിക സുരക്ഷാ ജീവനക്കാരനായ ശെല്വന്(46) പൊലിസിനോട് പറഞ്ഞു. കവര്‍ച്ചയ്ക്ക് ശേഷം തന്നെ മോചിപ്പിച്ചതായും വിവരം പുറത്തറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ പറഞ്ഞു.
മാരകായുധങ്ങള്‍ കൈവശമുണ്ടായിരുന്ന മൂന്നുപേരായിരുന്നു ഷട്ടറും ലോക്കറും തകര്‍ത്തത്. കവര്‍ച്ചയ്ക്കുശേഷം മൂന്നുപേര്‍ മതില് ചാടിക്കടന്നും മൂന്നുപേര്‍ പണവുമായി മുന്വശത്തുകൂടെയുമാണ് പോയതെന്നും ശെല്വന് പൊലിസിനോട് പറഞ്ഞു. ശെല്വന് അറിയിച്ചതിനെ തുടര്‍ന്നു സമീപവാസിയായ മണികണ്ഠനാണ് ഇതുവഴി പട്രോളിങ് നടത്തുകയായിരുന്ന ശൂരനാട് പൊലിസിന്റെ വാഹനം കൈകാണിച്ചു നിര്‍ത്തി സംഭവം അറിയിച്ചത്. ഇതിനുശേഷമാണ് സമീപവാസിയുടെ മൊബൈല്‍ ഫോണില്‍ ശെല്വന് ബിവറേജസ് ജീവനക്കാരെ വിവരംഅറിയിച്ചത്. രാത്രിതന്നെ കൂടുതല്‍ പൊലിസ് എത്തി വിരലടയാളവും തെളിവുകളും നഷ്ടപ്പെടാതിരിക്കാന്‍ സ്ഥലം സീല്‍ ചെയ്തു. ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തിയശേഷമേ സ്റ്റോക്കെടുപ്പു നടത്തി മദ്യം കവര്ന്നോയെന്ന് അറിയാന്‍ കഴിയൂ. എന്നാല്‍ സുരക്ഷാ ജീവനക്കാരന്റെ മൊഴിയില്‍ പൊലിസിനു സംശയമുണ്ട്.
കവര്‍ച്ചാസംഘം ഭീഷണിപ്പെടുത്തിയതിനാല്‍ സംഭവത്തിനുശേഷം രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ഇയാള്‍ വിവരം പുറത്തറിയിച്ചത്. അതുകൊണ്ടുതന്നെ ചൊവ്വാഴ്ച രാത്രി പത്തോടെ നടന്ന സംഭവം പൊലിസ് അറിഞ്ഞത് 12മണിയോടെയായിരുന്നു. ലോക്കര്‍ തകര്‍ക്കാതെ തുറന്നനിലയിലാണ് കാണപ്പെട്ടത്. ലോക്കറിനു സമീപത്തുനിന്നും ഒരു ചുറ്റികയും കണ്ടെത്തിയിട്ടുണ്ട്. മൊഴിയില്‍ അസ്വാഭാവികതയുള്ളതിനാല്‍ ശെല്‍വനെ ചോദ്യംചെയ്യാനായി പൊലിസ് കസ്റ്റഡിയിലെടുത്തു. ബിവറേജസ് ഔട്ട്ലെറ്റ് മാനേജര്‍ കൃഷ്ണന് ആനന്ദ് അടക്കമുള്ള ജീവനക്കാരില്‍ നിന്നും പൊലിസ് മൊഴിയെടുത്തു. ഔട്ട്ലെറ്റിലെ ജീവനക്കാര്‍ എല്ലാമാസവും പിരിവെടുത്താണ് ശെല്വന് വേതനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."