1000 പേര്‍ക്കു കൂടി മലബാര്‍ ഗ്രൂപ്പ് തൊഴില്‍ നല്‍കും
കോഴിക്കോട്: മലബാര്‍ ഗ്രൂപ്പിന്റെ ജ്വല്ലറി റീട്ടെയില്‍ വിഭാഗമായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഒരേസമയം നടത്തുന്ന ഏറ്റവും വലിയ വിപുലീകരണ പദ്ധതിയാണ് കഴിഞ്ഞ ദിവസം കമ്പനി ചെയര്‍മാന്‍ എം.പി അഹമ്മദ് ദുബൈയില്‍ പ്രഖ്യാപിച്ചതെന്ന് മലബാര്‍ ഗ്രൂപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 33.5 കോടി ദിര്‍ഹം (620 കോടി രൂപ)യുടെ വിപുലീകരണ പദ്ധതികളാണ് മൂന്നു മാസത്തിനകം മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്നത്. ആയിരം ജീവനക്കാര്‍ക്ക് കൂടി പുതുതായി തൊഴില്‍ ലഭിക്കുന്നതാണ് പദ്ധതി.
ഇന്ത്യയിലും വിദേശത്തുമായി 24 പുതിയ ഷോറൂമുകളാണ് ഒരേസമയം തുറക്കുന്നത്. യു.എ.ഇയില്‍ ഒന്‍പത്, ഇന്ത്യയില്‍ ഏഴ്, സഊദി അറേബ്യയില്‍ അഞ്ച്, ബഹ്‌റൈനില്‍ രണ്ട്, കുവൈത്തില്‍ ഒന്ന് എന്നിങ്ങനെയാണ് പുതിയ ഔട്ട്‌ലെറ്റുകള്‍ . ഇതില്‍ ഏഴ് ഔട്ട്‌ലെറ്റുകള്‍ ആദ്യഘട്ടത്തില്‍ തുറക്കും. ഒന്‍പതു രാജ്യങ്ങളിലായി 161 ഔട്ട്‌ലെറ്റുകളാണ് മലബാര്‍ ഗ്രൂപ്പിനുള്ളത്. മൂന്നു മാസത്തെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇത് 185 ആയി ഉയരും. ജീവനക്കാരുടെ എണ്ണം പതിനായിരം കടക്കുമെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു.
നിര്‍ണായകമായ വിപണി സാഹചര്യത്തിലുളള വിപുലീകരണ പദ്ധതി ഈ രംഗത്തെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ഗള്‍ഫ്, ഇന്ത്യ, വിദൂര പൂര്‍വദേശം എന്നിവിടങ്ങളോടുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധതയുമാണ് അടയാളപ്പെടുത്തുന്നതെന്ന് എം. പി. അഹമ്മദ് വ്യക്തമാക്കി. ലെവാന്ത് പ്രവിശ്യയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഫിലിപ്പൈന്‍സ്, ആഫ്രിക്ക, അറബ് തുടങ്ങിയ ദേശങ്ങളിലുമുള്ള കൂടുതല്‍ ഉപയോക്താക്കളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് ജ്വല്ലറി റീട്ടെയില്‍ സംരംഭകര്‍ ദൈനംദിന ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി നേരിടുന്ന ആഗോള സാമ്പത്തിക സാഹചര്യത്തിനിടയിലാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ വന്‍ നിക്ഷേപമെന്ന് കോ-ചെയര്‍മാന്‍ ഡോ.പി.എ.ഇബ്രാഹിം ഹാജി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഉപയോക്താക്കളുടെ കുറവ് വിപണിയിലുണ്ടായെന്നും പുതുവര്‍ഷത്തില്‍ വിപണിയില്‍ ഉണര്‍വുണ്ടായെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി അബ്ദുല്‍ സലാം പറഞ്ഞു.
അനുകൂല വിലയാണ് സ്വര്‍ണവിപണിയിലുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന മൊത്തം ഇടപാടുകളുടെ മൂല്യത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. വിപുലീകരണ പദ്ധതികളിലൂടെ ആഗോള രംഗത്തെ 'ബിഗ് 5' ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് റീട്ടെയിലേഴ്‌സിന്റെ പട്ടികയില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ സാന്നിദ്ധ്യം ശക്തമാക്കുമെന്നും കമ്പനി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."