അഭയാര്‍ഥി ക്യാംപിലെ വ്യോമാക്രമണം കൊല്ലപ്പെട്ടത് അഭയാര്‍ഥികളും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും
മൈദുഗുരി: നൈജീരിയയില്‍ ബോകോ ഹറാം കേന്ദ്രമെന്ന് തെറ്റിദ്ധരിച്ച് നൈജീരിയന്‍ വ്യോമസേന അഭയാര്‍ഥി ക്യാംപില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 100 ലേറെ പേര് മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 200 ലേറെ പേര്‍ക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ 43 പേരെ ക്യാംപില്‍ കണ്ടെത്തിയെന്ന് റെഡ്ക്രോസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്ക് ക്യാംപില്‍ വച്ചുതന്നെ ചികിത്സ നല്‍കുകയാണ്. കൊല്ലപ്പെട്ടവരില്‍ അഭയാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നതായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പറഞ്ഞു.
ബൊര്‍ണോ സംസ്ഥാനത്തെ കാമറൂണുമായി അതിര്‍ത്തി പങ്കിടുന്ന വടക്ക് കിഴക്കന്‍ ടൗണായ റാന്നിലാണ് ദുരന്തമുണ്ടായ അഭയാര്‍ഥി ക്യാംപ് പ്രവര്‍ത്തിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ ചില തദ്ദേശവാസികളും ഉണ്ടെന്ന് സൈനിക കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലക്കി ഇറാബര് പറഞ്ഞു.
നൈജീരിയയില്‍ ഇതാദ്യമായാണ് സൈനികര്‍ തെറ്റായ ലക്ഷ്യത്തില്‍ ആക്രമണം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഖാരി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുഗ്രാമത്തിലാണ് ദുരന്തമെന്നും പരുക്കേറ്റവരെ ഹെലികോപ്ടര്‍ വഴി ആശുപത്രിയിലെത്തിക്കുമെന്നും സംസ്ഥാന ഉദ്യോഗസ്ഥര്‍ പറഞ്ഞു. 52 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും 200 പേര്‍ക്ക് പരുക്കേറ്റെന്നും ഡോക്ടേഴ്സ് വിത്ത് ഔട്ട് ബോര്‍ഡേഴ്സ് അറിയിച്ചു. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. പരുക്കേറ്റവരില്‍ രണ്ടു സൈനികരും ഉള്‍പ്പെടും. കഴിഞ്ഞ ഏഴുവര്‍ഷമായി ബോക്കോ ഹറാം നൈജീരിയയില്‍ നടത്തുന്ന ആക്രമണത്തില്‍ 20,000ത്തിലേറെ പേര് കൊല്ലപ്പെട്ടിട്ടുണ്ട്. 26 ലക്ഷം പേര് പലായനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."