ചീഫ് സെക്രട്ടറിക്കെതിരായ ഹരജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദനെതിരായ ഹരജി വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ശ്രീലേഖാ ഐപിഎസിനെതിരായ നടപടി റിപ്പോര്‍ട്ട് അട്ടിമറിക്കുന്നുവെന്നാണ് ചീഫ് സെക്രട്ടറിക്കെതിരായ ആരോപണം. തിരുവന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം വിജിലന്‍സിന്റെയും ചീഫ് സെക്രട്ടറിയുടെയും വാദം കോടതി കേട്ടിരുന്നു.
ശ്രീലേഖയ്‌ക്കെതിരേ നടപടി വേണമെന്ന ശുപാര്‍ശയില്‍ നടപടി എടുക്കുന്നതില്‍ ചീഫ് സെക്രട്ടറി നാലു മാസം വൈകിപ്പിച്ചുവെന്നും ഇക്കാര്യത്തില്‍ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് കോടതിയില്‍ ഹരജി നല്‍കിയത്.
ശ്രീലേഖ ഗതാഗതകമ്മിഷണറായിരിക്കേ റോഡ്‌സുരക്ഷാ ഫണ്ട് വഴിവിട്ട് ചെലവഴിച്ചതായും അനുമതിയില്ലാതെ അഞ്ച് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചതായും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരി ശുപാര്‍ശ ചെയ്തത്.
ഇതു സംബന്ധിച്ച ഫയല്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ചീഫ് സെക്രട്ടറിക്കു കൈമാറുകയായിരുന്നു. എന്നാല്‍ നാലുമാസമായിട്ടും ഫയലില്‍ തീരുമാനമെടുക്കാതെ ചീഫ് സെക്രട്ടറി ഫയല്‍ പൂഴ്ത്തുകയായിരുന്നുവെന്നാണ് ഹരജിക്കാരന്റെ വാദം.
ശ്രീലേഖയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ള തീരുമാനം വൈകിപ്പിച്ചതില്‍ ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് പ്രത്യേക കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചീഫ് സെക്രട്ടറി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്ത് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."