പുതിയ തൊഴിലവസരങ്ങളുമായി നാസ് എയറില്‍
ജിദ്ദ: പുതിയ ഇരുപതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നാസ് എയറില്‍. ഇതിനു പുറമെ എയര്‍ബസ് കമ്പനിയില്‍ നിന്ന് 120 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള ഇടപാട് നടത്തുമെന്നും നാസ് എയറില്‍ സി.ഇ.ഒ ബന്ദര്‍ അല്‍മുഹന്ന അറിയിച്ചു.
എയര്‍ബസ് എ320 നിയോ ഇനത്തില്‍ പെട്ട 120 വിമാനങ്ങള്‍ വാങ്ങുന്നതിന് നാസ് എയറും എയര്‍ബസ് കമ്പനിയും കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 3,200 കോടി റിയാലിനാണ് ഇത്രയും വിമാനങ്ങള്‍ കമ്പനി വാങ്ങുന്നത്. ഓരോ പുതിയ വിമാനവും നേരിട്ട് നാല്‍പതും പരോക്ഷമായി 120 ഉം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇതുപ്രകാരം പുതിയ ഇടപാടു വഴി ഇരുപതിനായിരത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കരാര്‍ പ്രകാരം ആദ്യ ബാച്ച് വിമാനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ കമ്പനിക്ക് ലഭിക്കും. കൂടാതെ 2026 വരെയുള്ള കാലത്ത് മുഴുവന്‍ വിമാനങ്ങളും കമ്പനിക്ക് ലഭ്യമാകും. ഗള്‍ഫ് രാജ്യങ്ങളിലും മിഡില്‍ ഈസ്റ്റിലും വ്യോമയാന മേഖലയില്‍ ഈ ഇടപാട് വലിയ പ്രതിഫലനം സൃഷ്ടിക്കും. പുതിയ വിമാനങ്ങള്‍ ലഭിക്കുന്നതോടെ ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നതിനും സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും നാസ് എയറിന് സാധിക്കും.
2007 ഫെബ്രുവരിയിലാണ് നാസ് എയര്‍ ആദ്യ സര്‍വീസ് ആരംഭിച്ചത്. പത്തു വര്‍ഷത്തിനിടെ 2,60,000 സര്‍വീസുകളില്‍ മൂന്നു കോടിയിലേറെ പേര്‍ക്ക് നാസ് എയര്‍ യാത്രാ സൗകര്യം നല്‍കിയിട്ടുണ്ട്. നാസ് എയര്‍ ഓഹരികള്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ വില്‍ക്കുന്നതിന് പദ്ധതിയുണ്ടെന്ന് കമ്പനി ചെയര്‍മാന്‍ ആയിദ് അല്‍ജുഅയ്ദ് പറഞ്ഞു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ വിമാന കമ്പനി ഓഹരിയാകും നാസ് എയറിന്റെതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."