രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് തടവിറങ്ങിയത് മകന്റെ അന്ത്യയാത്രക്ക് സാക്ഷിയാവാന്‍
ഖോലപൂര്‍: ഇരുപത്തി മൂന്ന് കൊല്ലത്തെ ജയില്‍വാസത്തിനു ശേഷം വെളിച്ചത്തിലേക്ക് ചുവടുവെച്ചപ്പോള്‍ അത് തന്റെ പ്രിയമകന്റെ അന്ത്യ യാത്രക്ക് സാക്ഷിയാകാനായിരിക്കുമെന്ന് മുംബൈ നിവാസിയായ ഹസന് ഒരിക്കലും നിനച്ചു കാണില്ല. മഹാരാഷ്ട്രയിലെ ഖോലപൂരിലെ കലമ്പ സെന്‍ട്രല്‍ ജയിലിലാണ് സംഭവം.
1996 ലാണ് ഹസന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുന്നത്. അന്ന് നാലു വയസ്സായിരുന്നു മകന് സാജിദ് മഖ്വാനയുടെ പ്രായം. ഇരുപത്തി മൂന്ന് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഹസന് പരോളിന് അപേക്ഷിച്ചിരുന്നില്ല. അച്ഛനെ കാണുന്നതിന്റെ അമിതാഹ്ലാദത്തിലായിരുന്നു സാജിദ്. അന്ധേരിയില്‍ ഡ്രൈവിങ് സ്കൂള്‍ നടത്തുകയായിരുന്നു ഈ 24കാരന്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അച്ഛനോട് സംസാരിക്കുന്നതിനിടെ നെഞ്ചു വേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
വാഗ്വാദത്തിനിടെ ഒരാളെ കൊന്നെന്ന കേസില്‍ 1977ലാണ് ഹസന് പിടിക്കപ്പെടുന്നത്. ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും 1981ല്‍ മുംബൈ ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. പിന്നീട് മുംബൈ ഹൈക്കോടതി ഇയാളുടെ ജീവപര്യന്തം ശരിവെക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."