ഫൈസല്‍ വധം: ചര്‍ച്ച പരാജയം, ചെമ്മാട് ടൗണിലെ ഉപരോധം ദേശീയപാതയിലേക്ക് മാറ്റി
തിരൂരങ്ങാടി: അധികൃതരുടെ മാര്‍ക്കടമുഷ്ടിയില്‍ ചര്‍ച്ച പരാജയം. ചെമ്മാട് ടൗണിലെ ഉപരോധം കക്കാട് ദേശീയപാതയിലേക്ക് മാറ്റി. ചെമ്മാട് റസ്റ്റ് ഹൌസില്‍ സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ്,ആര്‍.ഡി.ഒ, തിരൂരങ്ങാടി തഹസില്‍ദാര്‍, മലപ്പുറം താല്‍ക്കാലിക ചുമതലയുള്ള ഡി.വൈ.എസ് .പി സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടത്തിയത്.
മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് അടക്കം അന്വേഷണചുമതലയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെ മാറ്റി പുതിയ ടീമിനെ അന്വേഷണം ഏല്‍പ്പിക്കണമെന്നാണ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം ശുപാര്‍ശ ചെയ്യാമെന്നായിരുന്നു ആര്‍.ഡി.ഒയുടെ ഭാഷ്യം. ജില്ലാ കലക്ടറുമായി എം.എല്‍.എ, ആര്‍.ഡി.ഒ എന്നിവര്‍ സംസാരിച്ചെങ്കിലും ഒരു ഉറപ്പും നല്‍കാന്‍ കളക്ടര്‍ക്കും ആയില്ല. അതുകൊണ്ടുതന്നെ ഉപരോധം എം.എല്‍.എ പി.കെ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 2.10 ഓടെ കക്കാട് ജംഗ്ഷന്‍ ദേശീയപാതയിലേക്ക് മാറ്റുകയായിരുന്നു.
ഫൈസലിന്റെ മാതാപിതാക്കള്‍, സഹോദരിമാര്‍, മക്കള്‍, മറ്റു കുടുംബങ്ങള്‍ എന്നിവര്‍ അടക്കം സ്ത്രീകളും കുട്ടികളുമായി ആയിരങ്ങളാണ് ഉപരോധത്തില്‍ പങ്കെടുക്കുന്നത്. കാലത്ത് പത്തുമണിക്ക് ആരംഭിച്ച ഉപരോധം ചുട്ടുപൊള്ളുന്ന വെയിലും ചൂടും വകവെയ്ക്കാതെ ഉച്ചയ്ക്ക് 2.10 വരെ ചെമ്മാട് ടൗണ്‍ ഉപരോധിച്ചിട്ടും അധികൃതര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
വധത്തിന് രണ്ട് മാസം പൂര്‍ത്തിയായിട്ടും കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാതെ കേസന്വേഷണം അട്ടിമറിക്കുന്ന പോലീസ് -ആര്‍.എസ്.എസ് ഗൂഢാലോചനയില്‍ പ്രതിഷേധിച്ചാണ് കൊടിഞ്ഞി സര്‍വ്വ കക്ഷിയുടെ നേതൃത്വത്തില്‍ ഉപരോധം ആരംഭിച്ചത്. കേസന്വേഷണം ഊര്‍ജ്ജിതമാക്കുക, പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് സര്‍ക്കാര്‍ ധന സഹായവും ഭാര്യക്ക് ജോലിയും പ്രഖ്യാപിക്കുക, അന്വേഷണ സംഘത്തെ മാറ്റുക എന്നി ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ബി.ജെ.പി, സി.പി.എം പാര്‍ട്ടികള്‍ ഒഴികെ മുഴുവന്‍ സംഘടനകളും സമരത്തില്‍ സന്നിഹിതരായി. സ്ഥലം എം.എല്‍.എ പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് എം.പി മുഹമ്മദ് ഹസ്സന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."