സൈനികര്‍ക്ക് രക്തം നല്‍കാന്‍ ആഹ്വാനം ചെയ്ത് സഊദി ഗ്രാന്റ് മുഫ്തി
ജിദ്ദ: രാജ്യത്തിന് വേണ്ടി പോരാടുന്ന സൈനികര്‍ക്ക് രക്തം ദാനം ചെയ്യുന്നതിനു വേണ്ടിയുള്ള കാംപയിനില്‍ സ്വദേശികളും വിദേശികളും പങ്കാളികളാവണമെന്ന് സഊദി ഗ്രാന്റ് മുഫ്തി ഷെയ്ഖ് അബ്ദുല്‍ അസീസ് ആല്‍ ശെയ്ഖ് അഭ്യര്‍ഥിച്ചു. 'തെക്കന്‍ അതിര്‍ത്തിപ്രദേശത്തുള്ള ധീരന്‍മാര്‍ക്ക് നിങ്ങളുടെ രക്തംകൊണ്ട് നന്ദി അറിയിക്കുക'എന്ന ശീര്‍ഷകത്തിലുള്ള രക്തദാന കാംപയിന്‍ ഫെബ്രുവരി 15ന് മക്കയില്‍ ആരംഭിക്കും.
മക്കയിലെ മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് കാംപയിന്‍. മതപരവും ദേശീയപരവുമായ കര്‍ത്തവ്യം നിര്‍വഹിക്കുന്നവരാണ് സൈനികരെന്നും അവര്‍ക്ക് രക്തം ദാനംചെയ്യുന്നത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ശത്രുക്കളില്‍ നിന്ന് മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ ജീവന്‍ തൃണവല്‍ക്കരിച്ച് കാവല്‍ നില്‍ക്കുന്ന സൈനികരെ കുറിച്ചോര്‍ത്ത് നാം അഭിമാനം കൊള്ളേണ്ടതുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിനു തീര്‍ത്ഥാടകര്‍ ഓരോ വര്‍ഷവും ഹജ്ജ്-ഉംറ തീര്‍ത്ഥാടനത്തിനെത്തുന്ന അത്യന്തം പുണ്യമാക്കപ്പെട്ട ഇരുഹറമുകളുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള ഈ പോരാട്ടം ഒരു ജിഹാദാണ്. ഹൂഥി വിമതരുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ സഊദി സൈന്യം മികച്ച വിജയം നേടിയിട്ടുണ്ട്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടി രക്തസാക്ഷികളാവുകയും പരിക്കേല്‍ക്കുകയും ചെയ്ത സൈനികര്‍ക്ക് നന്ദി അറിയിക്കുക എന്നത് നമ്മുടെ കടമയാണ്്. അതിര്‍ത്തിയിലെ സൗദി സൈനികരെ പിന്തുണക്കുകയും അഭിനന്ദിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്നും അദ്ദേഹം വിദേശികളോടും സ്വദേശികളോടും ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."