'മരണത്തിനു മുന്‍പ് മൂന്നു മുറിവുകള്‍'; ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
തൃശൂര്‍: കൂടുതല്‍ ദുരൂഹത ഉയര്‍ത്തി ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിനു മുന്‍പ് മൂന്നു മുറിവുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനു മുന്‍പു തന്നെ കീഴ്ചുണ്ടിലും മേല്‍ചുണ്ടിലും ഓരോ മുറിവും മൂക്കിന്റെ പാലത്തില്‍ ഒരു മുറിവും ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അതേസമയം, പോസ്റ്റ് മോര്‍ട്ടം ചെയ്തതിലും അപാകതയുണ്ടായെന്നു തെളിയിക്കുന്നു റിപ്പോര്‍ട്ട്. പി.ജി വിദ്യാര്‍ഥിയാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്. ഫോറന്‍സിക് വിദഗ്ധന്‍ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. പി.ജി വിദ്യാര്‍ഥി ഡോ. ജെറി ജോസഫാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ആത്മഹത്യ ചെയ്യാനുപയോഗിച്ച വസ്തുവും ഹാജരാക്കിയില്ല.
മുറിവുകള്‍ ആഴത്തിലുള്ളതല്ലെങ്കിലും മര്‍ദനം നടന്നിട്ടുണ്ടാവാമെന്ന് സംശയിക്കാവുന്ന തരത്തിലുള്ളതാണിത്. മുറിവുകള്‍ക്ക് കാരണം എന്താണെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. അതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കാനാണ് പൊലിസ് തീരുമാനം.
ജനുവരി ആറിനു വൈകീട്ടാണ് പാമ്പാടി തിരുവില്വാമല നെഹ്‌റു കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് ജിഷ്ണു ആത്മഹത്യ ചെയ്തത്. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ ജിഷ്ണു പരീക്ഷയ്ക്ക് തൊട്ടടുത്തിരുന്ന വിദ്യാര്‍ഥിയുടെ പേപ്പറില്‍ നോക്കി കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപകര്‍ ജിഷ്ണുവിനെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാനസികമായി തളര്‍ന്ന ജിഷ്ണു ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് സഹപാഠികളും ബന്ധുക്കളും പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."