ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ കോട്ടക്കല്‍ മണ്ഡലം എം.എല്‍.എ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ സഊദി ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദുമായി കൂടിക്കാഴ്ച നടത്തി. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ അംബാസഡറുമായി അദ്ദേഹം ചര്‍ച്ച ചെയ്യുകയും അത് പരിഹരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സഊദിയില്‍ ജനിക്കുന്ന പ്രവാസി ഇന്ത്യക്കാരായ കുട്ടികളുടെ പാസ്‌പോര്‍ട്ട് എടുക്കുന്നതിന് മാതാപിതാക്കള്‍ നേരിട്ട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ ഹാജരാകണമെന്ന പുതിയ വ്യവസ്ഥ പ്രവാസി ഇന്ത്യക്കാരായ രക്ഷിതാക്കള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതുസംബന്ധമായ വ്യവസ്ഥകള്‍ ലഘൂകരിക്കണമെന്ന് എം.എല്‍.എ അംബാസഡറോട് ആവശ്യപ്പെട്ടു.
നിയമലംഘകരായി പിടിക്കപ്പെടുന്ന പ്രവാസി ഇന്ത്യക്കാരെ തര്‍ഹീല്‍ (നാടുകടത്തല്‍കേന്ദ്രം) വഴി നാട്ടിലേക്ക് അയക്കുമ്പോള്‍ ഏതു സംസ്ഥാനക്കാരാണെങ്കിലും ഡല്‍ഹിയിലേക്കോ മുംബൈയിലേക്കോ തിരിച്ചയക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നിസ്സഹായരും നിരാലംബരുമായി നാട്ടിലേക്ക് മടങ്ങുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനക്കാര്‍ക്ക് ഇതു വലിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരക്കാരെ അതാത് പ്രദേശത്തേക്ക് തന്നെ നേരിട്ടെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും തങ്ങള്‍ അഭ്യര്‍ഥിച്ചു. എം.എല്‍.എ ശ്രദ്ധയില്‍ കൊണ്ടുവന്ന കാര്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ക്ക് വിവരങ്ങള്‍ കൈമാറുമെന്നും അംബാസഡര്‍ പറഞ്ഞു.
കഴിഞ്ഞ മാസം റിയാദില്‍നിന്നു കാണാതായ കണ്ണൂര്‍ സ്വദേശി സമീഹിനെ കണ്ടെത്തുന്നതിന് വേണ്ടി ഇന്ത്യന്‍ എംബസി കാര്യമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമീഹിന്റെ പാസ്‌പോര്‍ട്ട്, ഇഖാമ കോപ്പി ഉള്‍പ്പെടെ രേഖകള്‍ എം.എല്‍.എ അംബാസിഡര്‍ക്ക് കൈമാറി. സമീഹിനെ കണ്ടെത്തുന്നതിന് എംബസി അന്വേഷണം നടത്തുമെന്നും സാധ്യമായത് എത്രയും വേഗം ചെയ്യുമെന്നും പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എക്ക് അംബാസഡര്‍ അഹമ്മദ് ജാവേദ് ഉറപ്പു നല്‍കി.
ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കെ.എം.സി.സി നേതാക്കളായ മൊയ്തീന്‍കുട്ടി തെന്നല, അസീസ് വെങ്കിട്ട, അഡ്വ. അനീര്‍ ബാബു, നിഷാഫ് പൊന്മള എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."