പ്രവര്‍ത്തികളുടെ സംരക്ഷണവും നവീകരണവും അത്യാവശ്യം
കല്‍പ്പറ്റ: ഹരിതകേരളം പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന പരിശീലന പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് ഹരിതകേരളം മിഷന്‍ സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍ സീമ പദ്ധതി അവലോകന യോഗത്തില്‍ അറിയിച്ചു.
ജനകീയാസൂത്രണ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഈമാസം 21ന് തൃശ്ശൂരില്‍ തുടക്കം കുറിക്കുകയാണ്. ഇതിനുശേഷമായിരിക്കും പരിശീലന പരിപാടികള്‍ ആസൂത്രണം ചെയ്യുക. പദ്ധതിയില്‍ ഏറ്റെടുത്ത പ്രവര്‍ത്തികള്‍ക്കെല്ലാം സംരക്ഷണവും കാലോചിതമായ നവീകരണവും ആവശ്യമാണ്. അധികാര വികേന്ദ്രീകരണത്തിന്റെ 20 വര്‍ഷത്തിനു ശേഷവും വകുപ്പുകള്‍ വെള്ളം കയറാത്ത അറകളായി നിലനില്‍ക്കുന്നത് ഖേദകരമാണ്. ഇതിനെ അതിലംഘിക്കാന്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ എല്ലാ വിഭാഗമാളുകളുടെയും പൂര്‍ണ സഹകരണം വേണമെന്നും അവര്‍ പറഞ്ഞു.
ത്രിതല പഞ്ചായത്തുകളുടെ പദ്ധതികളില്‍ കൂടുതല്‍ തുക കൃഷി, ജലസേചനം, ശുചിത്വം എന്നീ മേഖലകള്‍ക്ക് നീക്കിവെക്കാനാവുംവിധം പദ്ധതി ആസൂത്രണം പുനഃക്രമീകരിക്കുമെന്ന് മിഷന്‍ സാങ്കേതിക വിദഗ്ധന്‍ ഡോ.അജയകുമാര്‍ വര്‍മ്മ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും നൈപുണി വികസനത്തില്‍ പരിശീലനവും സാങ്കേതികകാര്യങ്ങളില്‍ മാര്‍ഗ നിര്‍ദേശവും നല്‍കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായി. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, ജില്ലാ പ്ലാനിങ്ങ് ഓഫിസര്‍ എന്‍ സോമസുന്ദര്‍ലാല്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."