വനഗ്രാമങ്ങളുടെ വൈദ്യുതീകരണം; 'മീശ പിരിച്ച് 'വനം വകുപ്പ്
കല്‍പ്പറ്റ: വന മേഖലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ വൈദ്യുതി എത്തിക്കാനുള്ള കെ.എസ്.ഇ.ബി അധികൃതരുടെ നീക്കത്തിന് വീണ്ടും തിരിച്ചടി. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചില്‍പ്പെട്ട ചെട്യാലത്തൂര്‍, മണിമുണ്ട, പുത്തൂര്‍, പാമ്പന്‍കൊല്ലി എന്നിവിടങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള കെ.എസ്.ഇ.ബി നീക്കങ്ങള്‍ക്കാണ് വനം വകുപ്പിന്റെ ഉടക്ക് തിരിച്ചടിയാകുന്നത്.
ഈ ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കുന്നതിനു വനത്തിലൂടെ ഭൂഗര്‍ഭ കേബിള്‍ വലിക്കുന്നതിനു കെ.എസ്.ഇ.ബി നല്‍കിയ അപേക്ഷ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സ്വയം തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ച് പാലക്കാടുള്ള നോര്‍ത്തേണ്‍ റീജിയണ്‍ ചീഫ് കണ്‍സര്‍വേറ്ററുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്.
അപേക്ഷയില്‍ ചീഫ് കണ്‍സര്‍വേറ്ററുടെ തീരുമാനം വൈകുകയോ പ്രതികൂലമാകുകയോ ചെയ്താല്‍ സമ്പൂര്‍ണ വൈദ്യുതീകരണമെന്ന ലക്ഷ്യം ജില്ലയില്‍ മാര്‍ച്ച് 31നകം കൈവരിക്കാനാകില്ലെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയാണ് വയനാട് വന്യജീവി സങ്കേതത്തില്‍ പ്രാവര്‍ത്തികമാക്കുന്നത്. അപേക്ഷയില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന് തീരുമാനമെടുക്കാമായിരുന്നെന്ന അഭിപ്രായവും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്കുണ്ട്.
സങ്കേതത്തില്‍ പെട്ട നൂല്‍പ്പുഴ പഞ്ചായത്ത് പരിധിയിലുള്ള ചെട്യാലത്തൂരില്‍ തന്നെ തുടരണമെന്നതാണ് ഗ്രാമവാസികളില്‍ പലരുടേയും ആഗ്രഹം. എന്നാല്‍ വനം വകുപ്പിന്റെ തീരുമാനം പ്രതികൂലമായാല്‍ വൈദ്യുതിക്കായുള്ള ചെട്യാലത്തൂര്‍ ഗ്രാമവാസികളുടെ കാത്തിരിപ്പ് ഇനിയും നീളും. 107 വീടുകളാണ് ഗ്രാമത്തിലുള്ളത്. ഇതില്‍ 57 വീടുകള്‍ തലമുറകളായി താമസിച്ചുവരുന്ന ആദിവാസികളുടേതാണ്.
വനത്തിലൂടെ ഗ്രാമത്തിലേക്ക് ഓവര്‍ ഹെഡ് (ഒ.എച്ച്) ലൈന്‍ വലിക്കുന്നത് എതിര്‍ത്ത വനം-വന്യജീവി വകുപ്പുതന്നെയാണ് ഭൂഗര്‍ഭ ലൈന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഭൂഗര്‍ഭ കേബിള്‍ പദ്ധതിയുമായി എത്തിയപ്പോഴും വനം-വന്യജീവി വകുപ്പ് ഉടക്ക് തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."