സംസ്ഥാനത്ത് 100 പാലങ്ങള്‍ക്ക് ബലക്ഷയം
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 100 ഓളം പാലങ്ങള്‍ക്ക് ബലക്ഷയമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍. ഇതേക്കുറിച്ച് വിശദമായി പരിശോധന നടത്തി ഉടന്‍ അറ്റകുറ്റപണികള്‍ നടത്താനും മന്ത്രിയുടെ ഓഫിസില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ഓരോ ജില്ലയിലെയും പൊതുമരാമത്ത് സബ്ഡിവിഷനുകളുടെ മേല്‍നോട്ടത്തിലാവും പരിശോധന നടത്തുക. അടുത്ത മാസം 28 നുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് നല്‍കാനും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. എക്‌സിക്യൂട്ടീവ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരുടെ മേല്‍നോട്ടത്തിലാവും പരിശോധന. ഓരോ പാലത്തിന്റെയും നിര്‍മാണജോലികളില്‍ പങ്കെടുത്തിരുന്ന തൊഴിലാളികളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും കഴിയുന്നത്ര വിവരങ്ങള്‍ ശേഖരിക്കാനും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ വിജിലന്‍സ് അന്വേഷണം അടക്കമുള്ള നടപടികള്‍ ആലോചിക്കും. പാലങ്ങളുടെ അറ്റകുറ്റപണികള്‍ക്ക് 2017-18 വര്‍ഷത്തെ ബഡ്ജറ്റില്‍ 500 കോടി വകയിരുത്താനും നിര്‍ദേശം നല്‍കി. നിര്‍മാണത്തിലെ അനാവശ്യ ധൃതിയും മണ്ണെടുപ്പുപോലുള്ള പ്രശ്‌നങ്ങളുമാണ് പാലങ്ങള്‍ക്ക് ബലക്ഷയമുണ്ടാക്കുന്നതെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പോലും ഇക്കാര്യത്തില്‍ ശരിയായ പരിശോധന നടത്താറില്ല. കാലാകാലങ്ങളിലെ പരിശോധന അനിവാര്യമാണ്. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണ്. സ്ഥലമെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നു. കേന്ദ്രാനുമതി കിട്ടും മുന്‍പ് ടെണ്ടര്‍ നടപടികള്‍ തുടങ്ങാമോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നേരത്തെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. വളരെ അനുകൂല സമീപനമാണ് ഇക്കാര്യത്തില്‍ കേന്ദ്രം കാണിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."