ട്രംപ് ഇന്ന് അധികാരമേല്‍ക്കും; രാജ്യത്ത് പ്രതിഷേധം ശക്തം
വാഷിങ്ടണ്‍: പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് അധികാരമേല്‍ക്കും.
യു.എസ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് ആണ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കുക. രാവിലെ ഒമ്പതര മുതല്‍ തുടങ്ങുന്ന ചടങ്ങുകള്‍ നാളെ രാവിലെ പത്തര വരെ നീളും.
പ്രമുഖരടക്കം നിരവധി പേര്‍ വൈറ്റ് ഹൗസിലെ ചടങ്ങിനെത്തും.
പ്രസിഡന്റ് ബറാക് ഒബാമയുടെയും കുംടുംബത്തിന്റെയും ആതിഥ്യം വൈറ്റ് ഹൗസില്‍ വെച്ച് സ്വീകരിച്ചാകും പരിപാടിയുടെ തുടക്കം. ട്രംപിന്റെ ആദ്യ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുകയാണ് ലോകം.
പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പൗരാവകാശ സംഘടകളുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസവും പലസ്ഥലങ്ങളിലും ഡോണള്‍ഡ് ട്രംപിനെതിരെ പ്രതിഷേധം നടന്നു. രാത്രി വൈകിയും ഇത് തുടരുകയാണ്.
യുഎസിലെ വനിത സംഘടനകളുടെ നേതൃത്വത്തില്‍ ശനിയാഴ്ച വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വുമണ്‍സ് മാര്‍ച്ച് ഒണ്‍ഡിസി എന്ന പേരില്‍ നടത്തുന്ന റാലിയില്‍ രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ
സത്യപ്രതിജ്ഞ രണ്ടു ബൈബിളുകളില്‍ തൊട്ട്
ട്രംപ് സത്യപ്രതിജ്ഞ ചെയ്യുക രണ്ട് ബൈബിളുകളില്‍ തൊട്ട്. 156 വര്‍ഷം മുന്‍പ് എബ്രഹാം ലിങ്കണ്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഉപയോഗിച്ച ബൈബിളും ട്രംപിന് തന്റെ മാതാവ് കുട്ടിക്കാലത്ത് സമ്മാനമായി നല്‍കിയ ബൈബിളുമാണ് ട്രംപ് സത്യപ്രതിജ്ഞക്ക് ഉപയോഗിക്കുക.
1955ല്‍ സണ്‍ഡേ സ്‌കൂളിലെ പ്രൈമറി ക്ലാസ് പഠനം പൂര്‍ത്തീകരിച്ചപ്പോഴാണ് ട്രംപിന് മാതാവ് ബൈബിള്‍ സമ്മാനിച്ചത്. ന്യൂയോര്‍ക്കിലെ പ്രസ്ബിറ്റേറിയന്‍ ചര്‍ച്ചിലാണ് ട്രംപ് വേദപഠനം നടത്തിയത്.
ട്രംപിന് മാതാവ് നല്‍കിയ ബൈബിളില്‍ ദേവാലയത്തിന്റെ പേരും അദ്ദേഹത്തിന്റെ പേരും സമ്മാനിച്ച ദിനവും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്‍ഷ്യല്‍ ഇനാഗുറല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ ടോം ബാരക്കാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."