കേരളത്തിന്റെ 19 ഉല്‍പന്നങ്ങള്‍ ലോക വിപണിയില്‍ മത്സരക്ഷമമെന്ന് പഠനറിപ്പോര്‍ട്ട്
കൊച്ചി: സംസ്ഥാനത്തിന്റെ കയറ്റുമതി പട്ടികയില്‍ ഉള്‍പ്പെട്ട 19 ഉല്‍പന്നങ്ങള്‍ ലോക വിപണിയില്‍ മത്സരക്ഷമമാണെന്നു കയറ്റുമതി രംഗത്തെ കേരളത്തിന്റെ മത്സരക്ഷമതയെ കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനും(എഫ്.ഐ.ഇ.ഒ) കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പറേഷനും(കെ.എസ്.ഐ.ഡി.സി) ചേര്‍ന്നു നടത്തിയ പഠനത്തില്‍ കണ്ടെത്തി. സംസ്ഥാനത്തിന്റെ കയറ്റുമതിയുടെ 90 ശതമാനം വരുന്ന 58 ഉല്‍പന്ന ക്ലസ്റ്ററുകള്‍ റിപ്പോര്‍ട്ടില്‍ പഠനവിധേയമാക്കുകയും അവയുടെ വളര്‍ച്ചാ സാധ്യതകള്‍ വിലയിരുത്തുകയും ചെയ്തു.
സംസ്ഥാനത്തിന്റെ കയറ്റുമതിയില്‍ ഭൂരിഭാഗവും പ്രാഥമിക മേഖലയില്‍പെട്ട കുറഞ്ഞ സാങ്കേതികവിദ്യ ആവശ്യമുള്ള ഉല്‍പന്നങ്ങളാണെന്നും പഠനം ചൂണ്ടിക്കാട്ടി. സമുദ്രോല്‍പന്നങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, പ്ലൈവുഡ്, ടെക്‌സ്റ്റൈല്‍, റബര്‍, കാര്‍പെറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതകളും പഠനം ആരായുന്നു. ലോകവിപണിയില്‍ ആവശ്യകതയേറിവരുന്ന ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍, എന്‍ജിനീയറിങ് ഉല്‍പന്നങ്ങളിലൂടെ കേരളം കയറ്റുമതി വളര്‍ച്ച കൈവരിക്കണമെന്നും പഠനറിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കാര്‍ഷിക, വ്യാവസായിക സ്ഥാപനങ്ങളിലെ യന്ത്രങ്ങളും പ്രക്രിയകളും സമയബന്ധിതമായി പുതുക്കുന്നതിനുള്ള സാങ്കേതികവിദ്യാ നയം, ജീവനക്കാരുടെയും സംരംഭകരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സമഗ്ര തൊഴില്‍നയം തുടങ്ങിയവയും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
നൈപുണ്യാധിഷ്ഠിത പാഠ്യക്രമം വികസിപ്പിച്ചു സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സംവിധാനം പരിഷ്‌ക്കരിക്കണമെന്നും കൂടുതല്‍ ഇന്നൊവേഷന്‍ ഇന്‍ക്യൂബേഷന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. സംസ്ഥാന വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ വ്യവസായ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിക്കു നല്‍കി റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു. കെ.എസ്.ഐ.ഡി.സി എം.ഡി എം. ബീന, എഫ്.ഐ.ഇ.ഒ ജോയിന്റ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഉണ്ണിക്കൃഷ്ണന്‍ കെ, അസിസ്റ്റന്റ് ഡയരക്ടര്‍ എ.കെ വിജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."