കന്നുകാലികളെ ഇന്‍ഷുര്‍ ചെയ്യും: മന്ത്രി കെ രാജു
ആലപ്പുഴ: കഠിനമായ വരള്‍ച്ച പ്രതീക്ഷിക്കുന്ന അടുത്ത മൂന്നുമാസക്കാലം പശു ഉള്‍പ്പെടയുള്ള ഉരുക്കള്‍ക്കായി പ്രത്യേക വേനല്‍കാല ക്യാംപ് സംഘടിപ്പിക്കാനും ഒരു പശുവിന് ഒരു ദിവസത്തേക്ക് ഏഴുപതു രൂപയുടെ സഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതായും വനം- ക്ഷീരവികസനമന്ത്രി കെ. രാജു പറഞ്ഞു.
കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി നടപ്പാക്കാന്‍ നടപടി സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി. പാലമേല്‍ ക്ഷീര സഹകരണസംഘത്തിന്റെ അതിഥേയത്വത്തില്‍ നൂറനാട് പണയില്‍ ദേവീക്ഷേത്രാങ്കണത്തില്‍ ആരംഭിച്ച ജില്ല ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി.
വേനലില്‍ തീറ്റയും വെള്ളവും ഉരുക്കള്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വേനല്‍കാല ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകര്‍ക്ക് കാലത്തീറ്റയും മറ്റ് വിഭാഗങ്ങളിലുമായി നല്‍കി വരുന്ന സബ്‌സിഡികള്‍ കുറച്ച,് ക്ഷീരകര്‍ഷകര്‍ക്ക് പാലിനു നല്‍കുന്ന വില പരമാവധി വര്‍ധിപ്പിക്കണമെന്ന് മില്‍മയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവഴി 27, 28 രൂപയില്‍ നിന്ന് ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്ന വില 34, 35 രൂപയിലേക്ക് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞുഎല്ലാ കന്നുകാലികളെയും ഇന്‍ഷുര്‍ ചെയ്യും. ഇതിന്റെ നടപടികള്‍ ആരംഭിച്ചു. ഈ സാമ്പത്തിക വര്‍ഷം തന്നെ 40,000 പശുക്കളെ ഇന്‍ഷുര്‍ ചെയ്യും.
ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 25 ശതമാനം കര്‍ഷകര്‍ നല്‍കിയാല്‍ മതി. 75 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. സര്‍ക്കാര്‍ കാലിത്തീറ്റ ഉല്‍പ്പാദനം വര്‍ധിപ്പിക്കും. ഒരു വര്‍ഷം 63 കോടി രൂപയാണ് മില്‍മയുടെ ലാഭം. ഇതില്‍ നിന്ന് കര്‍ഷകര്‍ക്ക് നല്‍കുന്ന പാലിന്റെ വില വര്‍ധിപ്പിച്ചു നല്‍കാനാണ് ശ്രമിക്കേണ്ടതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പാല്‍ ഉല്‍പ്പാദനത്തില്‍ ഇപ്പോള്‍തന്നെ 70 ശതമാനം സ്വയംപര്യാപ്തമാണ് കേരളം. രണ്ടു വര്‍ഷത്തിനുള്ളില്‍ പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ നിന്ന് കാര്യമായ പരിശോധന ഇല്ലാതെയാണ് 30 ശതമാനംപാല്‍ മറ്റ് സംസ്ഥാനത്തുനിന്ന് കേരളത്തില്‍ എത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍. രാജേഷ് എം.എല്‍.എ. ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."