റിയാദില്‍ ജോലി തട്ടിപ്പിനിരയായ ആറ് മലയാളി സ്ത്രീകള്‍ കൂടി മടങ്ങിയെത്തി
നെടുമ്പാശ്ശേരി: ജോലി തട്ടിപ്പിനിരയായി റിയാദില്‍ കുടുങ്ങി കിടന്നിരുന്ന ആറ് മലയാളി സ്ത്രീകള്‍ കൂടി ഇന്നലെ നാട്ടില്‍ മടങ്ങിയെത്തി. തൊഴിലുടമകളുടെ പീഡനങ്ങളെ തുടര്‍ന്ന് റിയാദ് എംബസിയില്‍ അഭയം തേടിയിരുന്നവരാണ് ഇന്നലെ നാട്ടിലെത്തിയത്.
പ്രവാസി സംഘടനയായ പി.സി.എഫ് റിയാദ് ഘടകത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഇവര്‍ക്ക് നാട്ടിലെത്താനായത്. നാലുപേര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയും രണ്ട് പേര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുമാണ് നാട്ടില്‍ തിരിച്ചെത്തിയത്. കോട്ടയം സ്വദേശിനി ശോഭന, ആലപ്പുഴ കുട്ടനാട് സ്വദേശിനി സിന്ധു, മലപ്പുറം സ്വദേശിനി റഹീമ, പാലക്കാട് സ്വദേശിനി റാഹിന എന്നിവരാണ് നെടുമ്പാശ്ശേരിയിലെത്തിയത്.
തിരുവനന്തപുരം സ്വദേശിനി മാജിദ ബീവി, കൊല്ലം സ്വദേശിനി നിര്‍മ്മല എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയും നാട്ടിലെത്തി. തൊഴിലുടമകളുടെ പീഢനങ്ങളില്‍ നിന്നും രക്ഷപ്പെട്ട് 140 ഇന്ത്യക്കാരാണ് ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിച്ചിരുന്നത്. പി.സി.എഫ് ഭാരവാഹികളായ മാലിക് കരുകോണ്‍, സുലൈമാന്‍ പഴയങ്ങാടി, കെരീം മഞ്ചേരി, ലത്തീഫ് കരുനാഗപ്പിള്ളി, അസീസ് തേവലക്കര, ആലിക്കുട്ടി മഞ്ചേരി, സൈഫുദ്ദീന്‍ തണ്ടാശ്ശേരി തുടങ്ങിയവരാണ് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നേതൃത്വം നല്‍കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുംബാംഗങ്ങളോടൊപ്പം പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ്‌റഹ്മാന്‍, വി.എം അലിയാര്‍, ജമാല്‍ കുഞ്ഞുണ്ണിക്കര, സലാം പട്ടേരി, ജമാല്‍ ചെങ്ങമനാട്, ഇസ്മായില്‍ തുരുത്ത് തുടങ്ങിയവര്‍ ചേര്‍ന്ന് മടങ്ങിയെത്തിയവരെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."