അഭയ കേസ്: മൂന്നു പ്രതികളും കോടതിയില്‍ ഹാജരായി
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണ മാര്‍ച്ച് 14ന് നടക്കും. കേസിലെ പ്രതികളായ ഫാ.തോമസ് എം കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ ഇന്നലെ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ ഹാജരായി.
കേസിന്റെ വിചാരണ നടത്തുന്ന സി.ബി.ഐ കോടതിയില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഒരിക്കല്‍ പോലും മൂന്നുപ്രതികളും ഹാജരാകാതിരുന്നതിനെ കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് സി.ബി.ഐ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേസിലെ വാദിയായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ എല്ലാവിചാരണ ദിവസങ്ങളിലും ഹാജരാവാറുണ്ടെന്നും കോടതി പരാമര്‍ശിച്ചിരുന്നു. കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മൂവരും ഇന്നലെ ഹാജരായത്.
അഭയ കേസിലെ തെളിവ് നശിപ്പിച്ചത് സംബന്ധിച്ച് സി.ബി.ഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹരജിയിലും കോടതി വാദം കേള്‍ക്കും.1992ല്‍ കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്റിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിണറ്റില്‍ മരിച്ച നിലയിലായിരുന്നു ജഡം കണ്ടെത്തിയത്. കേസിലെ പ്രതിസ്ഥാനത്തുള്ള മൂവരേയും 2008 നവംബര്‍ 18ന് സി.ബി.ഐ അറസ്റ്റുചെയ്തിരുന്നു. 2009 ജൂലൈ 17ന് മൂന്നു പ്രതികള്‍ക്കും സി.ബി.ഐ കുറ്റപത്രം നല്‍കിയതിനെ തുടര്‍ന്നാണ് വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോള്‍ 25 വര്‍ഷം തികയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."