ഒരു വിഷമഴയും തല്ലിക്കെടുത്തില്ല പ്രതിഭയുടെ ഈ മിന്നലാട്ടങ്ങളെ
കണ്ണൂര്‍: ഫസ്റ്റ് സിക്കത്ത് ബറഡു. തുളുനാട്ടില്‍ നിന്ന് കലോത്സവ വേദിയിലേക്കു വണ്ടി കയറുമ്പോള്‍ ജീവന്‍രാജിനോടും സഹോദരന്‍ ദേവികിരണിനോടും അമ്മ പറഞ്ഞത് ഇത്രമാത്രം.
സദസ് ചിരിമഴയില്‍ ആനന്ദനൃത്തം ചവിട്ടുമ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ നാടിനുമേലെ വിഷമഴ തളിച്ച ഹെലികോപ്ടറിന്റെ ഭയാനക ശബ്ദമായിരുന്നു ജീവന്‍രാജിന്റെ തൊണ്ടക്കുഴിയില്‍ നിന്ന് പുറത്തുവന്നത്.
ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മിമിക്രി മത്സരത്തില്‍ കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ചെത്തിയ ജീവന്‍രാജാണ് ഒരു വിഷമഴക്കും തല്ലിക്കെടുത്താനാവില്ല തന്റെ ഉളളിലെ പ്രതിഭയെയെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്.
എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിക്കാന്‍ കാസര്‍കോട് ജില്ലയുടെ അതിര്‍ത്തിഗ്രാമങ്ങള്‍ക്കു മുകളിലൂടെ മൂളിപ്പറന്ന ഹെലികോപ്ടര്‍ കാഴ്ച കവര്‍ന്ന നൂറുകണക്കിനു പേരില്‍ ഉള്‍പ്പെട്ടവരാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ജീവന്‍രാജും സഹോദരന്‍ പ്ലസ്ടു വിദ്യാര്‍ഥിയായ ദേവികിരണും.
കാഴ്ചയ്ക്കു മേല്‍ വിഷം തളിച്ച പറക്കും യന്ത്രത്തിന്റെ മുരള്‍ച്ച അത്രയേറെ സ്വാഭാവികമായിട്ടാണ് ജീവന്‍രാജ് അവതരിപ്പിച്ചത്. നിലയ്ക്കാത്ത കൈയടികളോടെയാണ് സദസ് ഈ പ്രതിഭയെ അഭിവാദ്യം ചെയ്തത്. ഈ കൈയടികള്‍ മാത്രം മതി തനിക്ക് ഊര്‍ജം പകരാന്‍ എന്നായിരുന്നു വേദിവിട്ട ഉടന്‍ ജീവന്‍രാജിന്റെ പ്രതികരണം.
കാസര്‍കോഡ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ജീവന്‍രാജിന്റെ സഹോദരന്‍ ദേവികിരണ്‍ കഴിഞ്ഞ ദിവസം ഹയര്‍ സെക്കന്‍ഡറി വിഭാഗം ശാസ്ത്രീയ സംഗീതത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിരുന്നു. തുളുഭാഷ സംസാരിക്കുന്ന എന്‍മകജെ പഞ്ചായത്തിലെ ഏത്തടുക്ക സ്വദേശികളായ ഈശ്വര നായ്ക്കിന്റെയും പുഷ്പലതയുടെയും രണ്ടു മക്കളുടെയും കാഴ്ച എന്‍ഡോസള്‍ഫാന്‍ കവര്‍ന്നെങ്കിലും കലാപ്രകടനത്തിലൂടെ മക്കളുടെ മികച്ച പ്രകടനത്തിന്റെ ആഹ്‌ളാദത്തിലാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."