നാട് നെഞ്ചേറ്റുന്നു; ഈ വിത്തിനങ്ങളെ
മംഗല്പാടി: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിത്തുബാങ്ക് പദ്ധതിയിലുള്‍പ്പെടുത്തി 101 ഇനം പാരമ്പര്യ വിത്തിനങ്ങളുടെ സംരക്ഷണപ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
മുണ്ടകന്‍ വിത്തിനങ്ങളായ വളളിമുണ്ടോന്, ഒറ്റമുണ്ടോന്,വേതാണ്ടന് ചേറ്റാടി, ആണ്ടു വിത്തുകളായ വെളളരി, ചിറ്റ്യേനി വര്‍ഷകാല വിത്തിനങ്ങളായ കരിഞ്ചന്‍, കുറായി, ചെന്നല്‍ മാലക്കാരന്, കരിമാലക്കാരന്, കയമ, പുണാരന് മൂപ്പുകുറഞ്ഞ വര്‍ഷകാല വിത്തിനങ്ങളായ തൊണ്ണൂറാന്‍, ഞവര സുഗന്ധ വിത്തിനങ്ങളായ ഗന്ധകശാല, മുളളന്‍ കയമ തുടങ്ങിയ അന്യം നിന്നുകൊണ്ടിരിക്കുന്ന നാടന്‍ വിത്തിനങ്ങള്‍ കണ്ടെത്തിയാണ് കൃഷി ആരംഭിച്ചത്.
101 ഇനം നാടന്‍ നെല്‍വിത്തിനങ്ങളുടെ സംരക്ഷണത്തിനായി 78 ഓളം ജെ.എല്‍.ജി യൂണിറ്റില്‍ നിന്നായി 520 ഓളം മഹിളാ കര്‍ഷകരാണ് പങ്കാളികളാകുന്നത്.
25 ഏക്കറോളം സ്ഥലത്ത് 6 ബ്ലോക്കുകളിലായാണ് കൃഷി നടത്തിയത്. മഹിളാ കിസാന്‍ ശാക്തീകരണ പരിയോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക, ജില്ലാ കണ്‍സള്‍ട്ടന്റ് സൈജു, ബ്ലോക്ക് കോര്‍ഡിനേറ്റര്‍, മാസ്റ്റര്‍ ഫാര്‍മേഴ്സ് എന്നിവര്‍ പദ്ധതിപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
ജൈവ വൈവിദ്ധ്യ സംരക്ഷണവും ഭക്ഷ്യസുരക്ഷയും ഉറപ്പു വരുത്താന്‍ പാരമ്പര്യ വിത്തിനങ്ങളുടെ സംരംക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്.
കുടുംബശ്രീയുടെ കാര്‍ഷികമേഖലയിലെ ഈ മാതൃകാ പദ്ധതി മറ്റു ജില്ലകളില്‍ കൂടി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."