ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായി
തൊടുപുഴ: കായിക ഭൂപടത്തില്‍ തൊടുപുഴയ്ക്ക് ഇടം നല്‍കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപിക്കുന്ന ക്രിക്കറ്റ് അക്കാദമിയുടെ ആദ്യ സ്‌റ്റേഡിയമാണ് തൊടുപുഴയിലേത്.
പിച്ചിന്റെ മിനുക്കുപണിയാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌റ്റേഡിയത്തിലെ രണ്ടു മാസത്തിനകം പന്തുരുളുമെന്നാണ് പ്രതീക്ഷ. ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി പി.ജെ.ജോസഫ് എം.എല്‍.എ സ്റ്റേഡിയം സന്ദര്‍ശിച്ചു. ഇവിടേക്ക് എത്തിച്ചേരുന്നതിനുള്ള റോഡ് സൗകര്യം ഉള്‍പ്പെടെയുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിന് ജനപ്രതിനിധികളും നാട്ടുകാരും സ്ഥല ഉടമകളും സഹകരിക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിലെത്തിയ എം.എല്‍.എ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി.
തൊടുപുഴ നഗരത്തില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ തെക്കുംഭാഗം ജംഗ്ഷനു സമീപം 15 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യത്തോടെ അന്താരാഷ്ട്ര നിലവാരത്തില്‍ അക്കാദമി പൂര്‍ത്തിയാകുന്നത്. ഇതിന്റെ ഭാഗമായുള്ള രണ്ടു സ്‌റ്റേഡിയങ്ങളില്‍ ആദ്യത്തേതിന്റെ പിച്ച് ഉള്‍പ്പെടെ 90 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. ശേഷിക്കുന്ന ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.രണ്ടാമത്തെ സ്‌റ്റേഡിയത്തിന്റെ നിര്‍മാണവും വൈകാതെ പൂര്‍ത്തിയാകും. പവലിയന്‍ അടക്കം മറ്റു സൗകര്യം ഒന്നര വര്‍ഷത്തിനകം ഒരുക്കും. ഒരേസമയം രണ്ടു കളി നടക്കുന്ന രീതിയിലാണ് രണ്ട് സ്‌റ്റേഡിയങ്ങള്‍ അക്കാദമിയില്‍ വിഭാവനം ചെയ്യുന്നത്.
കളിക്കാര്‍ക്ക് താമസത്തിനും ഇന്‍ഡോര്‍ പരിശീലനത്തിനുമുള്ള സൗകര്യങ്ങളുടെ നിര്‍മാണം രണ്ടു മാസത്തിനകം ആരംഭിക്കും. പരിസ്ഥിതി സൗഹൃദ സംവിധാനങ്ങളോടെ ഹരിത സ്‌റ്റേഡിയമായാണ് നിര്‍മാണം. കെ.സി.എ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണ മേല്‍നോട്ടം ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ്. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബി.വിനോദ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായത് നടപടികള്‍ക്ക് വേഗതയേറ്റും.
2015 ഏപ്രില്‍ 14നാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. അക്കാദമിയുടെ ആദ്യഘട്ട നിര്‍മാണത്തിന് 25 കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതു മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ഒന്നേകാല്‍ ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലയിലായാണ് പ്രധാന കെട്ടിടത്തിന്റെ നിര്‍മാണം. രണ്ടു സ്‌റ്റേഡിയത്തിന്റെയും കൂടി പുറം ചുറ്റളവ് ഒരു കിലോമീറ്ററിലധികം വരും. ഒരു ആംഫീബിയന്‍ തിയറ്ററും 200 പേര്‍ക്കിരിക്കാവുന്ന മറ്റൊരു തിയറ്ററും ഉണ്ടാകും.
ഇന്‍ഡോര്‍ പരിശീലന സൗകര്യം, ബാസ്‌കറ്റ്ബാള്‍-വോളിബാള്‍ കോര്‍ട്ടുകള്‍, നീന്തല്‍ക്കുളം, 400 പേര്‍ക്ക് ഇരിക്കാവുന്ന പാര്‍ട്ടി ഏരിയ, ബില്യാര്‍ഡ്‌സിനും സ്‌നൂക്കറിനും ആവശ്യമായ സൗകര്യം, കഫറ്റീരിയകള്‍, അതിഥികള്‍ക്ക് താമസിക്കാന്‍ 20 മുറികള്‍, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, 4000 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം, സ്‌പോര്‍ട്‌സ് മ്യൂസിയം എന്നിവയും അക്കാദമിയുടെ ഭാഗമായി നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."