മുട്ടം ഗവ.പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥി സംഘര്‍ഷം
തൊടുപുഴ: ഗവ. പോളിടെക്‌നിക്ക് കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. പൊലിസ് വാഹനം വിദ്യാര്‍ഥികള്‍ അടിച്ചു തകര്‍ത്തു. ആറു വിദ്യാര്‍ഥികള്‍ക്കും രണ്ടു പൊലിസുകാര്‍ക്കും പരിക്ക്.
പൊലിസ് ഡ്രൈവര്‍ ദിപു, സി പി ഒ സുമേഷ്, വിദ്യാര്‍ഥികളായ മാര്‍ത്താണ്ടന്‍, വിഷ്ണു, അനന്ദു, പ്രമോദ്, അരുണ്‍, ജയ്‌സണ്‍, എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. ആര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഒപ്പന മത്സരത്തിനിടയില്‍ താല്പര്യമുള്ള ടീമുകള്‍ വരുമ്പോള്‍ കയ്യടിക്കുകയും മറ്റുള്ളവര്‍ വരുമ്പോള്‍ ചീമുട്ട എറിഞ്ഞതുമാണ് സംഘര്‍ഷത്തിനു കാരണം. വാക്കേറ്റത്തില്‍ തുടങ്ങിയ സംഘര്‍ഷം കയ്യാങ്കളിയിലെത്തുകയും ബഞ്ചുകള്‍ എടുത്ത് എറിയുകയും കസേര കൊണ്ട് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു.
കസേരകൊണ്ട് അടിയേറ്റ് ഒരു വിദ്യാര്‍ഥിയുടെ തലയ്ക്കു പരിക്കേറ്റു. സംഘര്‍ഷം തുടര്‍ന്നതോടെ പോളിടെക്‌നിക്ക് പ്രിന്‍സിപ്പല്‍ മുട്ടം പൊലിസിനെ വിളിച്ചു വരുത്തുകയായിരുന്നു. അഡീഷണല്‍ എസ്.ഐ ടി.കെ സുകുവും എ.എസ്.ഐ സന്തോഷും അടങ്ങുന്ന ഏതാനം പൊലിസുകാര്‍ എത്തി. പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനായി പൊലിസ് വാഹനത്തില്‍ കയറ്റിയപ്പോള്‍ ഒരു സംഘം അക്രമകാരികള്‍ ഗേയ്റ്റ് അടച്ച ശേഷം വാഹനം പുറത്തേയ്ക്ക് വിടാതെ അടിച്ചു തകര്‍ക്കുകയായിരുന്നു.
ഉടന്‍ തന്നെ മുട്ടം പൊലിസ് തൊടുപുഴ ഡിവൈഎസ്പി യെ വിവരമറിയിച്ചതോടെ ഡിവൈഎസ്പി എന്‍.എന്‍ പ്രസാദ്, തൊടുപുഴ സി.ഐ എന്‍.ജി ശ്രീമോന്‍, എസ്.ഐ ജോബിന്‍ ആന്റണി, കരിങ്കുന്നം എസ് ഐ ക്ലീറ്റസ്, കാഞ്ഞാര്‍ സി ഐ മാത്യു ജോര്‍ജ്, എസ് ഐ സാബു കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സന്നാഹം പോളിടെക്‌നിക്കില്‍ എത്തി. ഇതിനിടെ മദ്യലഹരിയിലായിരുന്ന അക്രമകാരികള്‍ പൊലിസിനെ അസഭ്യം വിളിക്കുകയും പോളിടെക്‌നിക്കിനു പിന്നിലേയ്ക്ക് ഓടി മറയുകയുമായിരുന്നു. വാര്‍ക്ക കമ്പിയും, സിമന്റ് കട്ടയും ഉപയോഗിച്ചാണ് വാഹനം അടിച്ചു തകര്‍ത്തത്. പൊലിസ് ജീപ്പിന്റെ ഗ്ലാസുകളും, ബോണറ്റും തകര്‍ന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. സംഭവം കണ്ടു നിന്ന ഒരു വിദ്യാര്‍ഥിനി ബോധംകെട്ടുവീണു. ഈ കുട്ടിയെയും ആശുപത്രിയിലേയ്ക്ക് മാറ്റി. പൊതുമുതല്‍ നശിപ്പിച്ച കാരണത്താല്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കണ്ടാലറിയാവുന്ന മുപ്പതോളം വിദ്യാര്‍ഥികളുടെ പേരില്‍ മുട്ടം പൊലിസ് കേസെടുത്തു.
പോളിടെക്‌നിക്കിലും, എന്‍ജിനിയറിംഗ് കോളജിലും വിദ്യാര്‍ഥി സംഘര്‍ഷം നിത്യ സംഭവമായിരിക്കുകായണ്. മദ്യത്തിനും, കഞ്ചാവിനും അടിമയായ വിദ്യാര്‍ഥികള്‍ അതിക്രമം മൂലം പൊറുതിമുട്ടിയതായി നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."