ഓര്‍മ മരം-പരിസ്ഥിതി ദിനാഘോഷം അവലോകന യോഗം ചേര്‍ന്നു
കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍മാരെ ബോധവല്‍കരിക്കുന്നതിനുള്ള 'സ്വീപ് ' പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന 'ഓര്‍മമരം' പദ്ധതി, പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ എന്നിവയെക്കുറിച്ച് അവലോകനയോഗം ചേര്‍ന്നു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല എന്ന രീതിയിലേക്ക് ജില്ലയെ മാറ്റിയെടുക്കുന്നതിന് വനവല്‍ക്കരണവും ജൈവ പച്ചക്കറി കൃഷിവ്യാപനവും നടത്തേണ്ടത് അത്യാവശ്യമാണെന്നും പുഴകളും തോടുകളും സംരക്ഷിക്കുന്നതിന് നദീതീര സംരക്ഷണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലയില്‍ 40 ശതമാനം വനമേഖലയും 30 ശതമാനം തേയില, കാപ്പി എസ്റ്റേറ്റ് മേഖലയുമാണ്. വരള്‍ച്ചാക്കെടുതി തടയുന്നതിനും ജനകീയ ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പദ്ധതി വിശദീകരണം നടത്തി. ലോക പരിസ്ഥിതി ദിനാചരണമായ ജൂണ്‍ അഞ്ചിന് ജില്ലയില്‍ 'ഓര്‍മ മരം' പദ്ധതിയുടെ ഭാഗമായി 10 ലക്ഷത്തോളം വൃക്ഷത്തൈകള്‍ വച്ച് പിടിപ്പിക്കും. ഇതിനായി 307 റോഡുകളില്‍ 875 കിലോമീറ്ററില്‍ മരങ്ങള്‍ നടും. മുളതൈകള്‍ക്ക് പ്രാധാന്യം നല്‍കും. ഫോറസ്റ്റ് ഏരിയകളിലെ മുളക്കൂട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും പുതിയവവച്ച് പിടിപ്പിക്കുന്നതിനും ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും പ്രാധാന്യം നല്‍കി മാവ്, പേര, നെല്ലി, സീതാപ്പഴം, ലിച്ചി, റംബുട്ടാന്‍ തുടങ്ങിയ ഫലവൃക്ഷത്തൈകളും നട്ട് പിടിപ്പിക്കും.
ജൂണ്‍-ജൂലൈ മാസങ്ങളില്‍ പദ്ധതി നടപ്പാക്കും. തൊഴിലുറപ്പ്, സോഷ്യല്‍ ഫോറസ്ട്രി, ഡി.റ്റി.പി.സി തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരമാവധി ജനപങ്കാളിത്തം ഉറപ്പ് വരുത്തിയാണ് പരിസ്ഥിതിദിന പരിപാടികള്‍ നടപ്പാക്കുക. കാരാപ്പുഴ, ബാണാസുരസാഗര്‍ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രത്യേക പരിഗണന നല്‍കി ഭൂപ്രദേശത്തിനനുയോജ്യമായ മരങ്ങള്‍ വച്ച് പിടിപ്പിക്കും. മുള്ളന്‍ക്കൊല്ലി, പുല്‍പ്പള്ളി, നൂല്‍പ്പുഴ, പൂതാടി പഞ്ചായത്തുകളില്‍ വനവല്‍ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഓറിയന്റല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ ലക്കിടി മുതല്‍ കല്‍പ്പറ്റ വരെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ സഹകരണത്തോടെ മരംവച്ച് പിടിപ്പിക്കുകയും ട്രീ ഗാര്‍ഡ് സ്ഥാപിച്ച് സംരക്ഷിക്കുകയും ചെയ്യും. ജില്ലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലും വൃക്ഷത്തൈകള്‍ നടും. നഗര വന വല്‍ക്കരണ വിഭാഗം പ്രധാന സ്ഥലങ്ങളില്‍ രണ്ടായിരം വൃക്ഷത്തൈകള്‍ നടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയുടെ പരിസരങ്ങളിലും പ്രകൃതിക്കനുയോജ്യമായ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും.
ബൂത്തുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനിതകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ പരിസ്ഥിതി സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."