തെഹ്‌റാനില്‍ വ്യാപാര സമുച്ചയം തകര്‍ന്നു 75 മരണം
17 നിലകളുള്ള കെട്ടിടം തകര്‍ന്നത് തീപിടിത്തത്തില്‍തെഹ്‌റാന്‍: നഗരത്തിലെ പ്രധാന വ്യാപാര സമുച്ചയം തീപിടിത്തത്തെ തുടര്‍ന്ന് തകര്‍ന്നു വീണു 75 പേര്‍ മരിച്ചു. 17 നിലകളുള്ള പ്ലാസ്‌കോ കെട്ടിടത്തിലാണ് തീപടര്‍ന്നത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലായിരുന്നു കെട്ടിടം തകര്‍ന്നുവീണത്. മരിച്ചവരില്‍ 45 പേര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഗ്നിശമനസേനാ പ്രവര്‍ത്തകരാണ്.
കൂടുതല്‍ പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിയിരിക്കാമെന്നും ഇത് മരണ സംഖ്യ വര്‍ധിക്കാന്‍ ഇടയാക്കിയേക്കുമെന്നും ഇറാനിയന്‍ സ്റ്റേറ്റ് മാധ്യമം അറിയിച്ചു. രാവിലെ എട്ടിനായിരുന്നു ഇറാനെ നടുക്കിയ ദുരന്തം. ഇന്നലെ രാത്രി വൈകിയും തീ പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. 38 അഗ്നിശമന സേനാംഗങ്ങളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെനഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
കെട്ടിടം തകരുന്നതിന് നാലു മണിക്കൂര്‍ മുമ്പായിരുന്നു തീപടര്‍ന്നുപിടിച്ചത്. 1962ല്‍ ജൂത ബിസിനസുകാരനായ ഹബീബ് എല്‍ഗാനിയനാണ് കെട്ടിടം നിര്‍മിച്ചത്.
നിര്‍മാണം പൂര്‍ത്തീകരിച്ച പ്ലാസ്‌കോ ഏറെ കാലത്തോളം ഇറാന്‍ തലസ്ഥാനത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടമെന്ന ഖ്യാതിയും പേറിയിരുന്നു. ഇന്നുംനഗരത്തിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. കെട്ടിടത്തിന്റെ സുരക്ഷയില്‍ ആശങ്കയുള്ളതായി ഉടമകള്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയരുന്നൂവെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെ എട്ടിനായിരുന്നു ഒമ്പതാം നിലയില്‍ തീപിടിത്തമുണ്ടായത്. ഇത് പിന്നീട് മറ്റു നിലകളിലേക്ക് പടകരുകയായിരുന്നു. വിവരം ലഭിച്ച ഉടന്‍ 10 ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി നിരവധി ഫയര്‍ എന്‍ജിനുകള്‍ കെട്ടിടം ലക്ഷ്യമാക്കി നീങ്ങിയിരുന്നു. വടക്കുഭാഗത്തെ ചുവരായിരുന്നു ആദ്യം തകര്‍ന്നത്.
പിന്നീട് കെട്ടിടം പൂര്‍ണമായും മൂക്കുകുത്തുകയായിരുന്നു. കെട്ടിടത്തില്‍ തീഅണയ്ക്കാന്‍ ശ്രമിക്കവേ കെട്ടിടം കുലുങ്ങുന്നതായി അനുഭവപ്പെട്ടെന്ന് അഗ്നിശമനപ്രവര്‍ത്തകരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉടന്‍ സഹപ്രവര്‍ത്തകരെയും വിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നൂവെന്നും ഇയാള്‍. ഒരു ഭയാനകമായ സിനിമ കാണുന്ന അനുഭവമാണ് ഉണ്ടായതെന്ന് കെട്ടിടത്തിന്റെ തകര്‍ച്ചക്ക് ദൃക്‌സാക്ഷിയായ സമീപത്തെ ഗ്രോസറി കച്ചവടക്കാരനും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."