ബഹ്‌റൈനില്‍ ടോള്‍ റോഡ് വരുന്നു;ലക്ഷ്യം ഗതാഗതകുരുക്ക് കുറക്കലും ടൂറിസം പ്രോത്സാഹനവും
മനാമ: രാജ്യത്ത് ഗതാഗത കുരുക്ക് പരിഹരിക്കാനായി ടോള്‍ വരുന്നു. ബഹ്‌റൈനിലെ മുഹറഖു പ്രവിശ്യയിലാണ് ആദ്യമായി ടോള്‍ റോഡ് തയ്യാറാകുന്നത്. ഇവിടെ ദുര്‍റത്തുല്‍ ബഹ്‌റൈനില്‍ നിന്ന് ആരംഭിച്ച് ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വരെ ഉയരത്തിലുള്ള റോഡാണ് പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്.
ഗതാഗതക്കുരുക്ക് കുറക്കുന്നതോടൊപ്പം ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഈ പദ്ധതിക്ക് സര്‍ക്കാര്‍ പണം നല്‍കില്ലെന്ന് പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ പരിഗണനയിലാണുള്ളത്.
ബഹ്‌റൈന്‍ സമ്പദ്‌വ്യവസ്ഥക്ക് തന്നെ കരുത്താകും വിധം ടൂറിസം രംഗത്തെ പരിപോഷിപ്പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുഹറഖ് മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സിനാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗതാഗതക്കുരുക്ക് ഇല്ലാത്ത രാജ്യമാണെന്നറിഞ്ഞാല്‍ ടൂറിസ്റ്റുകളുടെ വരവ് വര്‍ധിക്കും. എന്നാല്‍, ടോള്‍ 500 ഫില്‍സിലധികം ഏര്‍പ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് പദ്ധതി ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനായി മുടക്കാനുള്ള പണമില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിക്ഷേപകരുടെ സഹായം തേടാനാണ് അദ്ദേഹം പറഞ്ഞത്. ആ വഴിയാണ് ഇപ്പോള്‍ ആലോചന നടക്കുന്നതെന്ന് അല്‍ സിനാന്‍ വ്യക്തമാക്കി.
വന്‍ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന ബഹ്‌റൈന്‍ വിമാനത്താവളത്തിന്റെ വലിപ്പം 2019ഓടെ നാലിരട്ടിയായി വര്‍ധിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇതിന്റെ പണികള്‍ തുടങ്ങിയിട്ടുണ്ട്. പണി പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തില്‍ പ്രതിവര്‍ഷം 14ദശലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നാണ് കണക്ക്. വിമാനത്താവള നവീകരണ പദ്ധതിയില്‍ പുതിയ പാതകളും ജംഗ്ഷനുകളും ഉള്‍പ്പെട്ടിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."