ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നീസ്
മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണില്‍ ലോക ഒന്നാം നമ്പര്‍ താരം ബ്രിട്ടന്റെ ആന്‍ഡി മുറെ, മുന്‍ ചാംപ്യന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, മറ്റൊരു സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, ജപ്പാന്റെ കെയ് നിഷികോരി, ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ എന്നിവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ ജര്‍മനിയുടെ അഞ്ജലീക്ക് കെര്‍ബര്‍, റഷ്യയുടെ സ്വെറ്റ്‌ലാന കുസ്‌നട്‌സോവ, അമേരിക്കയുടെ വീനസ് വില്ല്യംസ് എന്നിവരും പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കി.
നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ സാം ക്യുറെയെ പരാജയപ്പെടുത്തിയാണ് ആന്‍ഡി മുറെ പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. മൂന്നു സെറ്റ് നീണ്ട അനായാസ പോരില്‍ 6-4, 6-2, 6-4 എന്ന സ്‌കോറിനാണ് ബ്രിട്ടീഷ് താരത്തിന്റെ വിജയം.
സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ദീര്‍ഘകാല എതിരാളിയായ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിചിനെ കീഴടക്കി. ഒന്നര മണിക്കൂര്‍ മാത്രം നീണ്ട പോരാട്ടത്തില്‍ ഏകപക്ഷീയമായിരുന്നു ഫെഡററുടേയും വിജയം. സ്‌കോര്‍: 6-2, 6-4, 6-4. പ്രീ ക്വാര്‍ട്ടറില്‍ കെയ് നിഷികോരിയാണ് ഫെഡററുടെ എതിരാളി.
സ്ലോവാക്യന്‍ താരം ലുകാസ് ലാക്കോയെ പരാജയപ്പെടുത്തിയാണ് നിഷികോരിയുടെ മുന്നേറ്റം. സ്‌കോര്‍: 6-4, 6-4, 6-4.
സെര്‍ബിയയുടെ വിക്ടര്‍ ട്രോയിക്കിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക വിജയിച്ചത്. നാലു സെറ്റു നീണ്ട പോരാട്ടത്തില്‍ 3-6, 6-2, 6-2, 7-6 (9-7) എന്ന സ്‌കോറിനാണ് വാവ്‌റിങ്ക വിജയം പിടിച്ചത്.
ഫ്രഞ്ച് താരം സോങയും കടുത്ത പോരാട്ടമാണ് നേരിട്ടത്. അമേരിക്കയുടെ ജാക്ക് സോക്കിനെതിരേ 7-6 (7-4), 7-5, 6-7 (8-10), 6-3 എന്ന സ്‌കോറിനാണ് സോങയുടെ വിജയം.
വനിതാ സിംഗിള്‍സില്‍ ജര്‍മനിയുടെ കെര്‍ബര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ പരാജയപ്പെടുത്തി. അനായാസ വിജയമാണ് കെര്‍ബര്‍ സ്വന്തമാക്കിയത്. സ്‌കോര്‍: 6-0, 6-4 .
സെര്‍ബിയയുടെ യെലേന യാങ്കോവിചിനെ പരാജയപ്പെടുത്തിയാണ് സ്വറ്റ്‌ലാന കുസ്‌നട്‌സോവ പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 4-6, 7-5, 7-9.
ചൈനീസ് താരം ഡ്വാന്‍ യിങ്‌യിങിനെ നിഷ്പ്രയാസം മറികടന്നാണ് അമേരിക്കന്‍ താരം വീനസിന്റെ മുന്നേറ്റം. സ്‌കോര്‍: 6-1, 6-0.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."