കെ.എം.ഇ.എ കോളജിലെ ജീവനക്കാരനും മൂലകോശം ദാനം ചെയ്തു
കൊച്ചി:കാന്‍സര്‍ രോഗിക്ക് മൂലകോശം ദാനം ചെയ്ത് എടത്തല കെ.എം.ഇ.എ എന്‍ജിനീയറിംഗ് കോളജ് വീണ്ടും രംഗത്ത്. കോളജിലെ പ്ലേസ്മെന്റ് ഓഫിസര്‍ കെ.എസ്. മഹേന്ദ്രയാണ് മൂലകോശം ദാനം ചെയ്ത് കാന്‍സര്‍ രോഗിയെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയുര്ത്തിയത്.
നേരത്തെ കോളജിലെ നാല് വിദ്യാര്‍ഥികള്‍ നാല് രോഗികളെ രക്ഷപ്പെടുത്തിയിരുന്നു. ഗുരുതരമായ ലുക്കീമിയ ബാധിതനായ യുവാവിനാണ് മഹേന്ദ്ര മൂലകോശം ദാനം ചെയ്തത്. മൂലകോശ ദാനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ'ധാത്രി'യുമായി സഹകരിച്ചായിരുന്നു പരിപാടി.
പതിനായിരത്തില്‍ ഒരാളിലാണ് മറ്റൊരാളുടേതിന് സമാനമായ രക്തത്തിലെ മൂലകോശങ്ങള്‍ ഉണ്ടാകൂ. മഹേന്ദ്രയുടെ തീരുമാനത്തെ കുടുംബാംഗങ്ങളും പിന്തുണച്ചതോടെ മൂലകോശം ദാനം ചെയ്തു. തിരുവനന്തപുരം കാര്യവട്ടം സ്വദേശിയാണ് മഹേന്ദ്ര.
നേരത്തെ ആലപ്പുഴ എരമല്ലൂര്‍ സ്വദേശിയായ അക്ഷയ് മൂലകോശം ദാനം ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന പ്രത്യേകത സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ ഇതുവരെ 225 പേരാണ് മൂലകോശം ദാനം ചെയ്തത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം ആളുകള്‍ സന്നദ്ധത അറിയിച്ച് 'ധാത്രി'യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."