കണ്ണൂരില്‍ കേന്ദ്രം പിടിമുറുക്കുന്നു
കോഴിക്കോട്:രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്ന കണ്ണൂരില്‍ കേന്ദ്രഗവണ്‍മെന്റ് നേരിട്ട് ഇടപെടുന്നതിന്റെ വ്യക്തമായ സൂചന നല്‍കി സ്വതന്ത്ര എന്‍.ജി.ഒ സംഘം കേരളത്തിലെത്തി. കഴിഞ്ഞ17നാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോള്‍ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ രഹസ്യമായി കേരളത്തിലെത്തിയത്. ജമ്മു കശ്മീര്‍ ഹൈക്കോടതി റിട്ട. ജസ്റ്റിസ് ബി.സി പട്ടേല്‍, ഫോറന്‍സിക് വിദഗ്ധന്‍ ഡോ.ടി.ഡി ദോഗ്ര,സിദ്ധാര്‍ഥ് ദവെ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘം കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് പഠിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും കണ്ണൂരിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള റിപ്പോര്‍ട്ടിനാണ് ഇവര്‍ പ്രാധാന്യം നല്‍കുകയെന്നാണ് ലഭിക്കുന്ന സൂചന.
കേരളത്തിലെത്തിയ ഉടന്‍തന്നെ ധര്‍മടത്തെ അണ്ടലൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും ഈ തീരുമാനത്തിന് ആക്കം കൂട്ടിയേക്കും.
ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരുടെ വീടുകളില്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നു. കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ കുടുംബാംഗങ്ങളുമായി ഫോണിലൂടെ വിവരങ്ങള്‍ ആരാഞ്ഞതായും സൂചനയുണ്ട്.
ജില്ലയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ശ്രമമുണ്ടെങ്കിലും കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തില്‍ ചര്‍ച്ചക്കുള്ള തീരുമാനം ഫലപ്രദമായി നടപ്പായിട്ടില്ല. എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റും ബി.ജെ.പി ദേശീയ നേതൃത്വവും കണ്ണൂരില്‍ അവരുടെ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന വാദം പല ഘട്ടങ്ങളിലും സി.പി.എം ആരോപിച്ചിരുന്നു. എന്‍.ജി.ഒ സംഘത്തിന്റെ വരവോടെ തങ്ങളുടെ വാദം ശരിയായെന്ന തരത്തിലുള്ള പ്രചാരണവുമായി സി.പി.എമ്മും രംഗത്തെത്തിയേക്കും.
ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ സംഘം ശ്രമിച്ചില്ലെങ്കില്‍ സി.പി.എമ്മിന്റെ ആരോപണങ്ങള്‍ക്കത് ശക്തി പകരും. അന്വേഷണം പൂര്‍ത്തിയാക്കി ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്ന സംഘം വൈകാതെ തന്നെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിന് കൈമാറും. തുടര്‍ന്നുള്ള സര്‍ക്കാരിന്റെ നിലപാടുകളും നിര്‍ണായകമായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."