മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗം: ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ കൂടി പൂര്‍ണസ്വാതന്ത്ര്യം അനൂഭവിക്കുമ്പോഴാണ് ജനാധിപത്യം വിജയിക്കുന്നതെന്നു ഉപരാഷ്ട്രപതി ഡോ.ഹാമിദ് അന്‍സാരി അഭിപ്രായപ്പെട്ടു. കാലിക്കറ്റ് പ്രസ് ക്ലബ്ബും സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ജേര്‍ണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ സി.എച്ച് മുഹമ്മദ് കോയ ജേര്‍ണലിസം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തുമ്പോഴെ ജനാധിപത്യം പൂര്‍ണതയിലെത്തുകയുള്ളൂ. ലോകത്ത് ഏത് ജനാധിപത്യ രാജ്യത്തിന്റേയും വിജയം മാധ്യമ സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ശക്തമായി സംസാരിക്കുന്നത് സാമൂഹിക ഉന്നമനത്തിനും രാഷ്ട്ര പുരോഗതിക്കുമാണ്. ഇത് ഭരണ കൂടങ്ങള്‍ കാണാതിരിക്കരുത്. ഇന്ത്യയുടെ ജനാധിപത്യ സംസ്‌കാരം ലോകം മാതൃകയാക്കാന്‍ കാരണം മാധ്യമ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും നല്ല മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ മഹാത്മ ഗാന്ധിയായിരുന്നു. നിരവധി ജേര്‍ണലുകളിലൂടെ അദ്ദേഹം തന്റെ നിലപാടുകള്‍ വ്യക്തമാക്കി. ഈ സ്വതന്ത്ര നിലപാടുകളെ പുതിയ മാധ്യമ സമൂഹം പിന്‍തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതിയുടെ ഔദ്യോഗികവസതിയില്‍ നടന്ന ചടങ്ങില്‍ സി.എച്ച് മുഹമ്മദ് കോയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി.എ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സാഗരിഗ ഘോഷ് (ടൈംസ് ഓഫ് ഇന്ത്യ), നീന വ്യാസ് (ദ ഹിന്ദു), ജോണി ലൂക്കോസ് (മനോരമ ന്യൂസ്) ടി.പി ചെറൂപ്പ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ഇന്ത്യാടുഡേ മാനേജിങ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായി, മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി, ഡോ എം.കെ മുനീര്‍ എം.എല്‍.എ, മുന്‍ മന്ത്രി സി.പി ജോണ്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജു, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."