പെണ്‍കുട്ടി ട്രെയിനില്‍നിന്നു വീണുമരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പിടിയില്‍
കോഴിക്കോട്: രണ്ടാഴ്ച മുന്‍പ് കാണാതായ പെണ്‍കുട്ടി തിരുപ്പൂരില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പൊലിസ് പിടിയില്‍. കോഴിക്കോട് ജില്ലാ ജയിലിന് സമീപത്തെ വാടകവീട്ടില്‍ താമസിക്കുന്ന പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകള്‍ ഹന്‍ഷ ഷെറിന്റെ(19) മരണവുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാമിനെ(22) പിടികൂടിയത്.
തിരുപ്പൂര്‍ പെരുങ്കുഴിപ്പാലത്തിനടുത്ത് ഉത്സവം നടക്കുന്ന ക്ഷേത്രപ്പറമ്പില്‍വച്ച് കസബ പൊലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സംഭവത്തിന് ശേഷം മൊബൈല്‍ സ്വിച്ച്ഓഫാക്കി ഒളിവില്‍ പോയതായിരുന്നു ഇയാള്‍. കസബ എസ്.ഐ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പൊലിസ് സംഘം തിരിപ്പൂരിലെത്തിയിരുന്നു.
അഭിറാമിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാള്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്ന ശീലമുണ്ടെന്ന് പൊലിസ് പറഞ്ഞു. അഭിറാമിനെതിരേ പൊതുനിരത്തില്‍ ശല്യം ചെയ്തതിനും മറ്റും കേസുകള്‍ നിലവിലുണ്ടെന്നിരിക്കെ ഇയാളുടെ മൊഴി പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണസംഘം.
സംഭവത്തില്‍ ദുരൂഹത തുടരവെ കുട്ടിയുടെ പിതാവില്‍ നിന്ന് മൊഴിയെടുക്കാന്‍ തിരുപ്പൂര്‍ നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം കോഴിക്കോട്ടെത്തുമെന്നും സൂചനയുണ്ട്. സംഭവം നടന്നത് തങ്ങളുടെ പരിധിയിലാണെങ്കിലും ട്രെയിനില്‍ നിന്ന് വീണുള്ള മരണമായതിനാല്‍ ആര്‍.പി.എഫിനാണ് അന്വേഷണച്ചുമതലയെന്ന നിലപാടിലാണ് തിരുപ്പൂര്‍ പൊലിസ്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കേസ് പിന്നീട് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കൈമാറുമെന്നാണ് തിരുപ്പൂര്‍ നോര്‍ത്ത് പൊലിസ് അറിയിച്ചിരിക്കുന്നത്. അതേസമയം ഹന്‍ഷയെ കാണാതായതിന് കേസ് രജിസ്റ്റര്‍ ചെയ്ത കോഴിക്കോട് കസബ പൊലിസും സംഭവത്തില്‍ സമാന്തര അന്വേഷണം നടത്തി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഹന്‍ഷ ഷെറിന്റെ മൃതദേഹം ഇന്നലെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."