വല്ലി ടീച്ചര്‍ക്ക് പങ്കിടാനുണ്ട്; ആദ്യ കലോത്സവത്തിന്റെ മധുരിക്കും ഓര്‍മകള്‍
കണ്ണൂര്‍: ജയജയ കോമള കേരള ധരണീ, ജയജയ മാമക പൂജിത ജനനി... ബോധേശ്വരന്‍ എഴുതിയ ആ പഴയ പാട്ടുപാടുമ്പോള്‍ വല്ലി ടീച്ചറുടെ ഓര്‍മകള്‍ 1957 ലെ കലോത്സവ വേദിയിലെത്തി. ആദ്യത്തെ സ്‌കൂള്‍ കലോത്സവത്തില്‍ ഈ പാട്ടുപാടിയാണ് വല്ലി ടീച്ചര്‍ സമ്മാനം നേടിയത്. നാടോടിനൃത്തം, കവിതാപാരായണം എന്നീ മത്സരങ്ങളില്‍ സമ്മാനം നേടിയ എട്ടാംക്ലാസുകാരിയുടെ കണ്ണുകളിലെ തിളക്കം ഇന്നും ടീച്ചറില്‍ കാണാം. മുപ്പതു വര്‍ഷത്തോളം സംഗീതം, നൃത്തം, നാടകാഭിനയം എന്നിവ താല്‍പര്യമുള്ള കുട്ടികളെ സൗജന്യമായി പഠിപ്പിച്ച വല്ലി ടീച്ചര്‍ പുതിയ തലമുറയിലെ കലാകാരന്മാരെയും കലാകാരികളെയും കാണാന്‍ ഒന്നാംവേദിയായ നിളയിലെത്തിയതായിരുന്നു.
57 വര്‍ഷങ്ങള്‍ക്കിടയില്‍ കലോത്സവങ്ങള്‍ക്കുണ്ടായ മാറ്റങ്ങളെക്കുറിച്ചും വല്ലി ടീച്ചര്‍ക്ക് പറയാനേറെയുണ്ട്. പണ്ട് രാത്രികാലത്ത് നാടകങ്ങളില്‍ അഭിനയിച്ചാല്‍ ചെറിയ ചീത്തപ്പേരുണ്ടാകുമെന്നതു മാത്രമേയുള്ളൂ, എന്നാല്‍ ഇന്ന് പെണ്‍കുട്ടികള്‍ സന്ധ്യകഴിഞ്ഞ് പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്. എന്നാല്‍ മുമ്പൊന്നും ഇങ്ങനെയായിരുന്നില്ല, ടീച്ചര്‍ പറയുന്നു. പെണ്‍കുട്ടികള്‍ അഞ്ചാംക്ലാസില്‍ പഠിപ്പുനിര്‍ത്തണമെന്ന അച്ഛന്റെ ഉഗ്രശാസനത്തെ ധിക്കരിച്ച് കാടാച്ചിറയിലെ ബന്ധുവീട്ടിലേക്ക് ഒളിച്ചോടി പഠനം തുടര്‍ന്ന വല്ലി എന്ന കൊച്ചുപെണ്‍കുട്ടി ചെറുപ്പംതൊട്ടേ കലാരംഗത്തും സാഹിത്യരചനയിലും വരവറിയിച്ചിരുന്നു. സ്‌കൂള്‍ പഠനത്തിനു ശേഷം കെ.എം ചന്ദ്രശേഖരന്‍ വൈദ്യരുടെ നിര്‍ദേശപ്രകാരം നാടകരംഗത്തേക്കിറങ്ങി.
65 നാടകങ്ങളില്‍ പ്രമുഖരോടൊപ്പം വേഷമിട്ട വല്ലി ടീച്ചര്‍ കേരള സംഗീതനാടക അക്കാദമിയുടെ 2010ലെ മൊഴിയാട്ടം പുരസ്‌കാരം, 2011ലെ ഗുരുപൂജ അവാര്‍ഡ് നവോഥാന സാംസ്‌കാരിക സമിതിയുടെ 2015ലെ ഡോ.ബി.ആര്‍ അംബേദ്കര്‍ പുരസ്‌കാരം എന്നിവയ്ക്ക് അര്‍ഹയായി. നീലേശ്വരം ജനത കലാസമിതി, ഉദയ കലാസമിതി, തളിപ്പറമ്പ് ടാഗോര്‍ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. ടാഗോര്‍ തിയേറ്ററിന്റെ പഴശിരാജ എന്ന നാടകത്തില്‍ തമ്പുരാട്ടിയായിട്ടായിരുന്നു തുടര്‍ച്ചയായി അരങ്ങിലെത്തിയതെന്ന് വല്ലി ടീച്ചര്‍ ഓര്‍ക്കുന്നു. കല്യാട് യു.പി സ്‌കൂളില്‍ അധ്യാപികയായിരുന്ന വല്ലി ടീച്ചര്‍ 98ല്‍ ജോലിയില്‍ നിന്നു വിരമിച്ചു. ചിറക്കല്‍ രാജാവിന്റെ മകനും സ്വാതന്ത്രസമര സേനാനിയുമായ ചിറക്കല്‍ ടി ബാലകൃഷ്ണന്‍ നായരുടെ മരുമകന്‍ പരേതനായ ടി.കുഞ്ഞിരാമന്‍ നായരുടെ ഭാര്യയാണ്. പണ്ടത്തെ അപേക്ഷിച്ച് കലാരംഗത്ത് ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ ടീച്ചര്‍ സാങ്കേതിക വിദ്യയുടെ സഹായം പുതിയ കുട്ടികള്‍ക്ക് മികച്ച പ്രകടനത്തിന് സഹായകമായിട്ടുണ്ടെന്നും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."